കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരേ ഭീഷണിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ചേവായൂർ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കിമാറ്റാൻ സമ്മതിക്കില്ല.അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും കോൺഗ്രസുതന്നെ അധികാരത്തിൽവരുമെന്നും പിന്നിൽനിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച വിഷയമാണ് ചേവായൂരിലെ സഹകരണ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായത്. ചേവായൂർ സഹകരണബാങ്ക് ചെയർമാൻ ജി.സി. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോൺഗ്രസ് നേതാക്കൾ പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ചിരുന്നു. കെ.പി.സി.സി. അംഗവും കേരള ദളിത് ഫെഡറേഷൻ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റുമായ കെ.വി. സുബ്രഹ്മണ്യനടക്കമുള്ളവരാണ് രാജിവെച്ചത്. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ പ്രാദേശിക താത്പര്യങ്ങൾക്ക് വിരുദ്ധമായി വ്യക്തിതാത്പര്യങ്ങൾമാത്രം പരിഗണിച്ച് സ്ഥാനാർഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.