ചേർത്തല: ആലപ്പുഴ ജില്ലയിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടു. ചേർത്തല 11-ാം മൈലിൽ നിർമ്മാണം ഏകദേശം പൂർത്തിയായ അണ്ടർപാസിനോട് ചേർന്നുള്ള ഫ്ലൈ ഓവറിലാണ് അപകടകരമായ രീതിയിൽ വലിയ കുഴി രൂപപ്പെട്ടത്.

To advertise here,

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ഈ ഗർത്തം പെടുന്നത്. വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന പാതയിൽ ഏകദേശം 12 അടിയോളം ആഴത്തിലാണ് മണ്ണ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്. ഗർത്തം കണ്ട ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് അവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത അതോറിറ്റി അധികൃതരും കരാറുകാരും ജെ.സി.ബി ഉപയോഗിച്ച് ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അത് തടഞ്ഞു. കൃത്യമായ പരിശോധനകൾ നടത്താതെ വെറുതെ കുഴി നികത്തുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരത്തിൽ വെറുതെ കുഴി അടച്ചാൽ ഭാവിയിൽ വാഹനങ്ങൾ ഇതിനുള്ളിലേക്ക് മറിയാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.