ഇന്ത്യയിലെ കോൺഗ്രസിനെ പിടിച്ച് നിർത്തിയിരിക്കുന്ന നേതാവാണ് കെ.സി. വേണുഗോപാലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രമേശ് ചെന്നിത്തല പാർട്ടിയെ കെട്ടിപ്പടുത്ത ആളാണെന്നും വി.ഡി. സതീശൻ അധികാരത്തോട് ഭ്രമം ഇല്ലാത്ത നേതാവാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിൽ ഫ്‌ളക്‌സ് കീറിയ സംഭവമൊന്നും മൈൻഡ് ചെയ്യില്ലായിരുന്നുവെന്നും കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ആളാണ് അദ്ദേഹമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

To advertise here,

എംഎൽഎമാരുടെ വികാരം എന്നു പറഞ്ഞാൽ ജനവികാരം തന്നെയാണ്. എംഎൽഎമാരോടൊപ്പം തന്നെ നമ്മുടെ ഘടകക്ഷികളുടെ വികാരം കൂടി കണക്കിലെടുത്തിട്ടുണ്ട്. പൊതുവായ അന്തരീക്ഷവും നോക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ വികാരമാണോ പൊതുവികാരം എന്ന് ചോദിച്ചാൽ അതെല്ലാം ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി ഫാക്ടർ 140 മണ്ഡലത്തിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുകയാണ് ചാണ്ടി ഉമ്മൻ.

മിന്നും വിജയമാണ് ടീം യുഡിഎഫ് നേടിയത്. നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നോ?

100-ലും മുകളിൽ സീറ്റ് നേടുമെന്ന് പ്രതിപക്ഷ നേതാവ് തുടക്കം മുതൽ പറയുന്നുണ്ടായിരുന്നു. അക്കാര്യം ഞാനും പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് ഈ വിജയം. പക്ഷേ പലയിടത്തും നമ്മുടെ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയം ഉണ്ടായി.

കഴിഞ്ഞ ദിവസം എന്റെയടുത്ത് ഒരു ഇടതുപക്ഷക്കാരൻ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇനി ഒരിക്കൽ കൂടി ഇടതുപക്ഷം ജയിക്കുകയാണെങ്കിൽ ഞാൻ പാർട്ടി മെമ്പർഷിപ്പ് ഒഴിവാക്കിയേനെ എന്നാണ്. ഇടതുപക്ഷവും ആഗ്രഹിച്ച പരാജയമാണിത്. കാരണം ജനങ്ങളിൽ നിന്ന് അകന്നുപോയി എന്ന തോന്നൽ അവർക്കുമുണ്ട്. ജനങ്ങളിലേക്ക് തിരിച്ചുചെല്ലാൻ അവർ ആഗ്രഹിക്കുകയാണ്. അതുകൊണ്ടാണ് അവർ പ്രതിപക്ഷത്ത് ഇരിക്കാൻ ആഗ്രഹിച്ചത്.

ജനങ്ങളിലേക്ക് ഇറങ്ങണമെങ്കിൽ ഇടതുപക്ഷത്തിന് എപ്പോഴും ഈ പറഞ്ഞ പ്രതിപക്ഷത്ത് ഇരുന്നാലേ നടക്കുകയുള്ളൂ. അവരുടെ സമരമുറകളൊക്കെ ഇനി തിരിച്ചുവരും. തോറ്റ ദിവസം തന്നെ സമരം തുടങ്ങിക്കഴിഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും സർക്കാരിന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ല.

അണികളുടെ വികാരപ്രകടനം പലയിടത്തും അതിരുവിട്ടല്ലോ. കോൺഗ്രസിന്റെ വിജയത്തിന്റെ ശോഭ കെടുത്തുകയല്ലേ ഈ സംഭവങ്ങൾ?

ഒരു പാർട്ടിയാകുമ്പോൾ പല നിലപാടുകളും പല അഭിപ്രായങ്ങളും കാണും. പക്ഷേ ഇപ്പോഴത്തേത് ഒരു അപക്വമായ നിലപാടാണ് എന്ന് പറയേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ അൽപം സമയം കൊടുക്കണം. അണികൾ വികാരത്തിലാണ്, പക്ഷേ അതിന് ഉത്തരവാദികൾ മാധ്യമങ്ങളും കൂടിയാണ്. പ്രവർത്തകർ മാത്രമല്ല, മറ്റ് പാർട്ടിക്കാരും ഈ പ്രശ്‌നങ്ങളുടെ ഇടയിൽ കയറിക്കൂടാം.

ഇന്നലെ ഞാൻ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുത്തു, ആ സ്റ്റേറ്റ്‌മെന്റിന്റെ അടിയിൽ മോശമായി കമന്റ് ഇട്ടിരിക്കുന്നത് ഒരു ബിജെപിക്കാരനാണ്. ആ വ്യക്തി വളരെ മോശമായി എന്റെ പിതാവിനെ അധിക്ഷേപിച്ചിരിക്കുകയാണ്. എല്ലാ ബിജെപിക്കാരും അങ്ങനെ പറയണമെന്നില്ല. ആദ്യം ആ കമന്റ് കാണുമ്പോൾ ന്യൂട്രലായ ഒരാളാണെന്ന് തോന്നും. പ്രൊഫൈൽ ഒക്കെ പരിശോധിക്കാൻ ആര് തയ്യാറാകും.

പ്രകടനങ്ങളുടെ ഇടയിലും ഇതുപോലത്തെ അവസരങ്ങളിൽ നോക്കി നിൽക്കുന്നവർ ഉണ്ടാകും. അവർ ഈ അവസരം ഉപയോഗിക്കുകയാണ്. നമ്മളെ ആക്രമിക്കാനും യുഡിഎഫിന്റെ ശോഭ കെടുത്താനും അവർ ശ്രമിക്കുകയാണ്.

കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് കീറിയ സമയത്ത് ഉമ്മൻ ചാണ്ടിയുടെ ഫ്‌ളക്‌സും പ്രവർത്തകർ നശിപ്പിച്ചല്ലോ?

എന്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിൽ ഈ ഫ്‌ളക്‌സ് വലിച്ച് കീറിയ സംഭവം ഒന്നും മൈൻഡ് ചെയ്യില്ലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് കസേരയിൽ മാനസികമായി സുഖമില്ലാത്ത ആൾ കയറി ഇരുന്നിട്ടും അദ്ദേഹം മൈൻഡ് ചെയ്തിട്ടില്ല. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ആളാണ് അദ്ദേഹം. നമുക്ക് ഇത്രയേ ഉള്ളൂ. അതൊരു പ്രശ്‌നമല്ല.

പക്ഷേ, ഈ പ്രകടനത്തിന്റെ ഇടയിൽ നടക്കുന്നതുകൊണ്ട് പാർട്ടി ആണെന്നുള്ള ഒരു പേര് വരുന്നു എന്നതാണ് പ്രശ്‌നം. അതുകൊണ്ടാണ് നമ്മൾ ഒന്ന് നിയന്ത്രിക്കണം എന്ന് പറഞ്ഞത്. അതൊരു കോൺഗ്രസുകാരനാണെന്ന് കരുതുന്നില്ല. മറ്റ് പാർട്ടിക്കാർ ഇടയിൽ കയറിയതുമാകാം.

മുഖ്യമന്ത്രി ചർച്ചയിൽ മൂന്ന് നേതാക്കളുടെ പേരുകളാണ് സജീവം. എങ്ങനെയാണ് ഈ മൂന്നുപേരെയും വിലയിരുത്തുന്നത്?

ഇന്ത്യയിലെ കോൺഗ്രസിനെ പിടിച്ച് നിർത്തിയിരിക്കുന്ന നേതാവാണ് കെ.സി. വേണുഗോപാൽ. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ വലിയ പോരാട്ടം നയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു സമയത്ത് പോലീസിന്റെ അടികൊണ്ട് മരിക്കാറായ ആളാണ് അദ്ദേഹം. 50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്.

അതേപോലെ തന്നെയാണ് വി.ഡി. സതീശനും. 2011-ൽ സ്പീക്കർ ആവാൻ എന്റെ പിതാവ് നിർബന്ധിച്ച ആളാണ് അദ്ദേഹം. പക്ഷേ അദ്ദേഹം അതിന് തയാറായില്ല. അധികാരത്തോട് വലിയ ഭ്രമം ഇല്ലാത്ത ഒരു നേതാവ് കൂടിയാണ് അദ്ദേഹം. പക്ഷേ ജനങ്ങൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഉണ്ടല്ലോ.

എന്റെ പിതാവിനോടൊപ്പം ഈ പാർട്ടിയെ കെട്ടിപ്പടുത്ത ആളാണ് രമേശ് ചെന്നിത്തല. 10 വർഷം കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന ആളാണ്. ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചു. വളരെ സീനിയർ ആയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഒത്തിരി പതിറ്റാണ്ടത്തെ സേവനം ഉണ്ട്. ഈ മൂന്നു പേരും തുല്യരാണ്.

ജനവികാരം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള ഒരു തീരുമാനം പ്രതീക്ഷിക്കുന്നുണ്ടോ? പുറത്തുവന്ന ചിത്രം കുഴപ്പിച്ചോ?

എംഎൽഎമാരുടെ വികാരം എന്ന് പറഞ്ഞാൽ ജനവികാരം തന്നെയാണ്. എംഎൽഎമാരോടൊപ്പം തന്നെ നമ്മുടെ ഘടകക്ഷികളുടെ വികാരം കൂടി കണക്കിൽ എടുത്തിട്ടുണ്ട്. പൊതുവായ അന്തരീക്ഷവും നോക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ വികാരമാണോ പൊതുവികാരം എന്ന് ചോദിച്ചാൽ അത് എല്ലാം ഉൾക്കൊള്ളാൻ സാധിക്കില്ല. കാരണം ഇന്ന് ഒരുപാട് ഫേക്ക് ഐഡികൾ ഉണ്ട്. അത് ഉപയോഗിച്ച് നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.

അതുകൊണ്ട് സോഷ്യൽമീഡിയ ജനവികാരത്തിന്റെ അസസ്‌മെന്റ് അല്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു വികാരമുണ്ട്. തീരുമാനം വൈകി എന്ന് തോന്നുന്നില്ല. എത്രയോ താമസിച്ചാണ് കഴിഞ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. ഞങ്ങൾക്ക് ധൃതി ഇല്ല. എല്ലാ കാര്യങ്ങളും ദേശീയ നേതൃത്വം പരിഗണിക്കും. പുറത്തുവന്ന ചിത്രം ഫേക്ക് ആണെന്ന് ജനറൽ സെക്രട്ടറി തന്നെ പറഞ്ഞല്ലോ. അതല്ല അഭിപ്രായം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവായിട്ട് ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നത് പിണറായി വിജയനെയാണല്ലോ?

ഞങ്ങളുടെ പാർട്ടിയെ പറ്റി അവർക്ക് വ്യാകുലതകൾ ഉണ്ടാകും. പക്ഷേ ഞങ്ങൾക്ക് അവരുടെ കാര്യത്തിൽ അത്ര വ്യാകുലത ഇല്ല. അവർ ആരെ വേണമെങ്കിലും പ്രതിപക്ഷ നേതാവായിട്ട് തീരുമാനിച്ചോട്ടെ. അവരുടെ തീരുമാനമാണത്.

സൈക്കിളിൽ യാത്ര, ഫ്‌ളക്‌സുകൾ ഒഴിവാക്കി. ചെലവുചുരുക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ലക്ഷ്യം?

ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം ആണ് ചെലവാക്കാൻ സാധിക്കുന്നത്. എനിക്ക് ഡൊണേഷൻ ആയി ഒരു കോടിയോളം രൂപ കിട്ടി. പക്ഷേ ഞാൻ ഉപയോഗിച്ചത് 21 ലക്ഷം ആണ്. 79 ലക്ഷം രൂപ ബാക്കിവന്നു. ആ തുക പൊതുജനത്തിന്റെ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്.

ഒരു പോസിറ്റീവ് ക്യാമ്പയിൻ ആയിട്ട് തന്നെയാണ് എനിക്ക് അതിനെ കണക്കാക്കാൻ സാധിക്കുന്നത്. സൈക്കിൾ ജനങ്ങളുടെ ഇടയിൽ വലിയ സ്ഥാനം നേടി എന്നാണ് ഞാൻ വിചാരിക്കുന്നത്. കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, അസറുദ്ദീൻ അടക്കമുള്ളവർ വന്നു. അവരോടൊക്കെ നന്ദി പറയുന്നു.

ഒരുപാട് ഗ്യാരന്റികൾ കോൺഗ്രസ് പ്രഖ്യാപിച്ചു. അതൊക്കെ എത്തരത്തിൽ നടപ്പിലാക്കും? ഇനി മന്ത്രി സ്ഥാനത്തെച്ചൊല്ലിയും തർക്കമായിരിക്കുമല്ലോ?

അതിലൊന്നും ഒരു ആശങ്കയും വേണ്ട. അതെല്ലാം പുതിയ മുഖ്യമന്ത്രി നോക്കിക്കോളും. എല്ലാം കൃത്യമായി ചെയ്യാൻ കഴിവുള്ള ആളായിരിക്കും പുതിയ മുഖ്യമന്ത്രി. മന്ത്രി സ്ഥാനമെല്ലാം പ്രഖ്യാപിക്കുന്നത് സുഗമമായി നടക്കും. ചെറുപ്പക്കാരുടെ പ്രാതിനിധ്യത്തെക്കുറിച്ച് പാർട്ടി തീരുമാനിക്കും. പാർട്ടിയാണ് വലുത്, വ്യക്തികളല്ല.

ഉമ്മൻചാണ്ടിയുടെ അദൃശ്യസാന്നിധ്യം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവോ?

140 മണ്ഡലങ്ങളിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യം പ്രതിഫലിച്ചു. അതുകൊണ്ടാണ് കെപിസിസിയിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ പാലഭിഷേകം നടത്തിയത്. അത് കോൺഗ്രസിന്റെയും പൊതുജനത്തിന്റേയും വികാരമാണ്. ഉമ്മൻചാണ്ടി ഫാക്ടർ 140 മണ്ഡലത്തിലും പ്രതിഫലിച്ചു.

കേരളത്തിൽ അടിയന്തരമായിട്ട് മാറ്റം വേണമെന്ന് തോന്നുന്ന ഒരു മേഖല ഏതാണ്?

തൊഴിൽ ആണ് പ്രധാനം. ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടണം. അത് കിട്ടാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് മാറണം. ജോലിയാണ് പ്രഥമ പരിഗണന. ഇനി വിദേശത്തേക്കല്ല പോകേണ്ടത്. ഇവിടെ തന്നെ നിൽക്കാനുള്ള സാഹചര്യം വരും.

ഇനി സമരങ്ങളുടെ കാലം കൂടിയാണ് വരുന്നത്. അതിനെ പ്രതിരോധിക്കാൻ എന്തൊക്കെ വഴികളാണ് കോൺഗ്രസ് കണ്ടിട്ടുള്ളത്?

സമരം കൊണ്ട് രക്ഷപ്പെടാം എന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ? എങ്കിൽ അവർ തകരാൻ പോകുന്ന ഒരു കാലമാണ് ഇനിയുള്ള അഞ്ചു വർഷം. സമരം കൊണ്ടും ഗുണമില്ല. അവർ ചെയ്ത എല്ലാ കാര്യത്തിനും അവർ ഇനി സമരം ചെയ്യും.

എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോറ്റു. അവരെല്ലാം പൂർണ പരാജയമാണെന്ന് കരുതുന്നുണ്ടോ?

തീർച്ചയായും. അതുകൊണ്ടാണല്ലോ അവർ പരാജയപ്പെട്ടത്. ജനങ്ങൾ അവരെ പരാജയപ്പെടുത്തി. ഇവരുടെ തോൽവി ഒരു മുന്നറിയിപ്പ് കൂടിയാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്ന് കരുതുന്ന ഒരു മന്ത്രിയും കഴിഞ്ഞ തവണ ഉണ്ടായിട്ടില്ല.