തൊടുപുഴ: ബാങ്കുകളിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളുടെ പോളിസി നമ്പർപോലും ഗുണഭോക്താക്കൾക്ക് കിട്ടുന്നില്ലെന്ന് പരാതി. പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ ഇൻഷുറൻസ് പോളിസികളിലാണ് ഈ പ്രശ്‌നം.
പോളിസി തുക വർഷാവർഷം അക്കൗണ്ടിൽനിന്ന് പിടിക്കുമെങ്കിലും പോളിസി സർട്ടിഫിക്കറ്റോ നമ്പരോ, ബാങ്കുകളോ ഇൻഷുറൻസ് കമ്പനികളോ മിക്കപ്പോഴും നൽകുന്നില്ലെന്നാണ് പരാതി. കേന്ദ്ര സർക്കാരിന്റെ ജനസുരക്ഷ പോർട്ടലിൽനിന്നുപോലും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല.
പരാതിപ്പെട്ടാൽ രേഖ കിട്ടും. എന്നാൽ, പോളിസി എടുത്ത എല്ലാവർക്കും ഇൻഷുറൻസ് രേഖകൾ കിട്ടാനുള്ള സംവിധാനമാണ് വേണ്ടത്. ഒന്നുകിൽ പോളിസി സർട്ടിഫിക്കറ്റ് പേപ്പറായിതന്നെ നൽകണം. അല്ലെങ്കിൽ ഇമെയിലോ മെസേജോ മറ്റ് മാർഗങ്ങളോ വഴി പോളിസി നമ്പരോ പോളിസി സർട്ടിഫിക്കറ്റോ ലഭ്യമാക്കണം.
കരിമണ്ണൂർ സ്വദേശി സിനു ജോസ് കുന്നപ്പിള്ളിൽ ആണ് ഈ പ്രശ്‌നത്തിൽ പരാതിയുമായി മുന്നോട്ടുവന്നത്. ഏതാനും വർഷം മുമ്പ് അദ്ദേഹം എടുത്ത ഈ രണ്ട് പോളിസികളുടേയും വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഈയിടെയാണ് മനസ്സിലായത്. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പരാതിപരിഹാര വെബ് പോർട്ടലായ സിപിഗ്രാംസ് വഴി പരാതി നൽകി. അതിൽ നടപടിയുണ്ടാകുകയും അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് കിട്ടുകയും ചെയ്തു. എന്നാൽ, പോളിസി എടുക്കുമ്പോൾത്തന്നെ സർട്ടിഫിക്കറ്റും നമ്പരും നൽകാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
രേഖകൾ മുഖ്യം; ഗുണമുള്ള പദ്ധതി
പോളിസി രേഖകളില്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികളിൽനിന്ന് ആനുകൂല്യം ലഭിക്കാൻ പ്രയാസമാകും. രേഖകൾ കൈവശമില്ലാത്തതിനാൽ ഇൻഷുറൻസ് ഉണ്ടെന്നകാര്യം തന്നെ പലരും മറന്നുപോകും. ഗുണഭോക്താവ് മരിച്ചാൽ ഇൻഷുറൻസ് വിവരങ്ങൾ നോമിനി അറിയാതെ പോകുന്ന സാഹചര്യവും ഉണ്ടാകും.
സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ രണ്ട് പോളിസുകളും. ജീവൻജ്യോതി ബീമാ യോജനയ്ക്ക് പ്രതിവർഷം 436 രൂപ അടച്ചാൽ മതി. 18 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ കിട്ടും. 18 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് വർഷം 20 രൂപ നിരക്കിൽ അപകട ഇൻഷുറൻസ് കിട്ടുന്ന പോളിസിയാണ് സുരക്ഷാ ബീമാ യോജന. മരണമോ പൂർണ അംഗവൈകല്യമോ ഉണ്ടായാൽ രണ്ട് ലക്ഷം രൂപ വീതവും ഭാഗിക വൈകല്യത്തിന് ഒരുലക്ഷം രൂപയും ലഭിക്കും.
Content Highlights: Struggling to get your PMJJBY or PMSBY policy documents? Learn how to access your insurance certificates and why documentation is vital.
Published: 24 Jun 2026, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented