
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകി.
കേരളത്തിന്റെ കൈയിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. കെ.വി.തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്.
ഈ കത്തിനുള്ള മറുപടിയിലാണ് കാര്യങ്ങൾ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽനിന്നാണെന്നാണ് കത്തിൽ പറയുന്നത്.
'2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി രൂപ നൽകി. ഇതിൽ 291 കോടി രൂപ നേരത്തേ തന്നെ നൽകി. ജൂലായ് 31-ന് 145 കോടി രൂപയും ഒക്ടോബർ ഒന്നിന് ബാക്കി തുകയും മുൻകൂറായി തന്നെ കൈമാറി.'
കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കൽ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചതായും സഹായം കിട്ടാനായി ശ്രമം തുടരുമെന്നും കെ.വി.തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'പ്രധാനമന്ത്രി തന്നെ വയനാട്ടിലെത്തി ദുരന്തമേഖലകൾ കണ്ടതാണ്. മുഖ്യമന്ത്രി കത്തുനൽകിയത് പ്രധാനമന്ത്രിക്കാണ്. പ്രധാനമന്ത്രി പറഞ്ഞിട്ടുതന്നെയാണ് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി കാണാത്ത റിപ്പോർട്ടല്ല ഇത്. ആവശ്യമായ സഹായങ്ങൾ ഇപ്പോൾ ചെയ്തിട്ടുണ്ടെന്നും വയനാട് സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യാം എന്നും കത്തിൽ പറഞ്ഞിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Center says Wayanad disaster cannot be declared as national disaster
Published: 14 Nov 2024, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented