
കൊച്ചി: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന സമിതികളിൽ സി.ബി.എസ്.ഇ മേഖലയുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള (സി.സി.എസ്.കെ) മുഖ്യമന്ത്രി വി.ഡി സതീശനോട് അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇ. വിദ്യാലയങ്ങളും തമ്മിൽ ആശയവിനിമയത്തിനും ഏകോപനത്തിനും സ്ഥിരം സംവിധാനം രൂപീകരിക്കണമെന്നും നിർദേശിച്ചു. മുഖ്യമന്ത്രിക്ക് കൈമാറിയ സി.സി.എസ്.കെ.യുടെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.
കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുക, വിദ്യാർഥികളുടെ സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും അറിയിച്ചു. സി.സി.എസ്.കെ നടപ്പാക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കലാ, കായിക, വിദ്യാർഥി ശാക്തീകരണ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കായികമന്ത്രിക്കും സമർപ്പിച്ചു. കേന്ദ്ര-സംസ്ഥാന സിലബസ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാർഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ മേഖലകൾ തമ്മിൽ ഫലപ്രദമായ സഹകരണം ശക്തിപ്പെടുത്തണം.
വിദ്യാലയങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വിദ്യാർഥികളുടെ ശാരീരിക, മാനസിക, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് ഏകോപിത നടപടികൾ സ്വീകരിക്കുകയും വേണം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്ര വിദ്യാലയ, നവോദയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി കൗൺസിലിന്റെ പങ്കാളിത്തത്തോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അഞ്ച് വർഷമായി സംഘടിപ്പിക്കുന്ന സംസ്ഥാന കായികമേളയുടെ തുടർനടത്തിപ്പിന് ഭരണപരമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ആന്റി-ഡ്രഗ്, ആന്റി-ടൊബാക്കോ ക്യാമ്പയിന് കൗൺസിൽ പൂർണപിന്തുണ പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കും. കൗൺസിലിന്റെ നിർദേശങ്ങൾ ഗൗരവപൂർവം പരിഗണിക്കുമെന്നും സി.ബി.എസ്.ഇ. മേഖലയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനൽകി.
നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് കേരള ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, സോണൽ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, സി.എം.ഐ., സംസ്ഥാന-ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ. നീലകണ്ഠൻ , (കോട്ടയം), ഡോ. ഹാരിഷ്, (സദ്ഭാവന വേൾഡ് സ്കൂൾ, കോഴിക്കോട്) , ഫാ. സാംജി വടക്കേടം സിഎംഐ, ( ക്രൈസ്റ്റ് നഗർ, തിരുവനന്തപുരം) എന്നിവരാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയെയും സന്ദർശിച്ചത്.
Published: 05 Aug 2026, 10:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented