കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം തുടരാമെന്ന വിധിക്കൊപ്പം ഹൈക്കോടതി നടത്തിയത് രൂക്ഷ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയും ഗൂഢാലോചനയും നടന്നുവെന്ന് കോടതി നിരീക്ഷിച്ചു.
പദ്ധതി പ്രഖ്യാപിച്ചത് സര്‍ക്കാരാണെങ്കിലും അതിന്റെ മുഴുവന്‍ ബാധ്യതയും അവര്‍ക്കു മേല്‍ ചുമത്താനാവില്ല. നയപരമായ തീരുമാനങ്ങള്‍ എടുത്തതു കൊണ്ടുമാത്രം മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ മേലെ കുറ്റം ചാര്‍ത്താനാവില്ലെന്നും കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരടക്കം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കോടതിയുടെ പ്രധാന പരാമര്‍ശങ്ങള്‍
- ഉദ്യോഗസ്ഥര്‍ ചില ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു.
- ഐ.എ.എസുകാര്‍ ഇടനിലക്കാര്‍ വഴി അഴിമതി നടത്തി.
- ഉദ്യോസ്ഥതലത്തിലെ ഗൂഢാലോചന ഗൗരവമായി കാണണം.
- ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കേണ്ടതു തന്നെയാണ്
- പദ്ധതികളുടെ നിയമവശം നോക്കേണ്ടത് ഉദ്യോഗസ്ഥരാണ്.
അനില്‍ അക്കര എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ വിഷയത്തില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
content highlights: cbi can continue investigation in life mission case says high court