കുറ്റിച്ചൽ (തിരുവനന്തപുരം): അങ്കണവാടിയിൽ രണ്ടര വയസ്സുകാരനെ മാന്തിയ പൂച്ച ചത്തത് ആശങ്കയ്ക്കിടയാക്കി. പൂച്ച മാന്തിയ വിവരം അങ്കണവാടി ജീവനക്കാരും പൂച്ച ചത്ത കാര്യം ഉടമയും മറച്ചുവെച്ചത് വിവാദമായി. ചത്ത പൂച്ചയ്ക്ക് പേ വിഷബാധയുണ്ടോ എന്നറിയാൻ ആരോഗ്യ വകുപ്പിടപെട്ട് പൂച്ചയുടെ ജഡം മാന്തിയെടുത്ത് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചു.

To advertise here,

കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്തിൽ പേഴുംമൂട് വാർഡിലെ കുഴിയംകോണത്ത് വാടകക്കെട്ടിടത്തിലെ 126-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. പേഴുംമൂട് സൈനബ മൻസിലിൽ മാഹീന്റെയും സൈനബയുടെയും മകൻ ഹൈസിൻ സയാനിനെയാണ് കഴിഞ്ഞ മാസം 18-ന് അങ്കണവാടിയിൽ വച്ച് അടുത്തവീട്ടിൽ നിന്നുമെത്തുന്ന പൂച്ച ഇടതു കാലിലും കൈയിലും മാന്തിയത്. 

പൂച്ച മാന്തിയ കാര്യം അങ്കണവാടി അധികൃതർ രഹസ്യമാക്കി വച്ചെങ്കിലും 20-ന് കുഞ്ഞ് വിവരം രക്ഷാകർത്താക്കളോട് പറഞ്ഞു. 21-ന് പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞിന് പ്രതിരോധ കുത്തിവെയ്‌പെടുത്തു. തുടർന്ന് മാഹീൻ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. വെള്ളനാട് ബ്ലോക്ക് ഐസിഡിഎസ് സിഡിപിഒ ലേഖ അങ്കണവാടിയിലെത്തി തെളിവെടുത്തിരുന്നു.

കൃത്യവിലോപം കാട്ടിയ അങ്കണവാടി വർക്കർ നിഷയെ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയാണ്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഐസിഡിഎസ് സൂപ്പർവൈസർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

ഒരു വീടിനോട് ചേർന്ന ചായ്പിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഈ വീട്ടുകാരുടേതാണ് പൂച്ചയെന്ന് അറിയുന്നു. അങ്കണവാടി വാർഡ് പരിധിയിലല്ല പ്രവർത്തിക്കുന്നത്. കൂടാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവിടെനിന്നും സ്ഥാപനം മാറ്റണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നതായും, രണ്ടു മാസത്തിനകം മാറ്റാൻ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായും സിഡിപിഒ ലേഖ പറഞ്ഞു.

എന്നാൽ ഇതേവരെ അങ്കണവാടി മാറ്റിയിട്ടില്ല. നിരവധി കുഞ്ഞുങ്ങൾ ഉണ്ടായിരുന്ന അങ്കണവാടിയിൽ നിലവിൽ മൂന്ന് കുഞ്ഞുങ്ങൾ മാത്രമാണുള്ളത്. അങ്കണവാടിക്കായി വാർഡിൽ വർഷങ്ങൾക്ക് മുൻപ് 12 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം പണിതെങ്കിലും തുറന്നുനൽകിയിട്ടില്ല. ഒരാൾ സംഭാവനയായി നൽകിയ മൂന്ന് സെന്ററിൽ പണിത കെട്ടിടം ഇപ്പോൾ കാടുമൂടിയ നിലയിലാണ്. സ്ഥലം നൽകിയയാളും പഞ്ചായത്തുമായി കേസ് നിലനിൽക്കുന്നതിനാലാണ് അങ്കണവാടി തുറന്നു നൽകാത്തതെന്നറിയുന്നു.