തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. 

To advertise here,

തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമി(28)ന്റെ പേരിലാണ് കേസ്. ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടൂരില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ മുന്നില്‍ ബ്ലോക്കിടുകയായിരുന്നു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. 

ലക്ഷങ്ങള്‍ ഫോളേവേഴ്‌സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്കാഗാന്ധി.