തിരുവനന്തപുരം: കീം പരീക്ഷ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിൽ മാത്രം അറുന്നൂറോളം രക്ഷിതാക്കൾക്കെതിരേയാണ് കേസെടുത്തത്.

To advertise here,

രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പരീക്ഷ നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷിതാക്കൾക്കെതിരേ കേസെടുക്കാൻ ഡിജിപി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രക്ഷിതാക്കൾക്കെതിരേ കർശന നടപടിയിലേക്ക് നീങ്ങിയത്.

മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിൽ കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിൽ 300ലധികം പേർ കൂട്ടംകൂടിയെന്നാണ് പോലീസ് പറയുന്നത്. സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യമുണ്ടായെന്ന് മെഡിക്കൽ കോളേജ് പോലിസും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടാലറിയുന്ന 600ഓളം പേർക്കെതിരേ രണ്ട് പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തത്.

സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയെന്ന വകുപ്പാണ് ഇവർക്കെതിരേ ചുമത്തിയത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ അഞ്ച് വിദ്യാർഥികൾക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്. ഇതിന് പിന്നാലെയാണ് സാമൂഹിക അകലം പാലിക്കാത്തതിന് രക്ഷിതാക്കൾക്കെതിരേ പോലീസ് കേസെടുത്തത്.

content highlights:case filed againstparents who does not maintain social distancing