കോട്ടയ്ക്കൽ(മലപ്പുറം): കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവം നടക്കുന്ന കോട്ടയ്ക്കൽ ഫാറൂഖ് കോളേജ് കാമ്പസിൽ തിങ്കളാഴ്ച സംഘർഷത്തെത്തുടർന്ന് പോലീസ് വിദ്യാർഥികളെ ലാത്തിവീശി ഓടിച്ചു. ലാത്തിവീശലിനും സംഘർഷത്തിനുമിടയിൽ കുഴഞ്ഞുവീണ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി.കെ. ഷിഫാന ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ ചികിത്സതേടി.

To advertise here,

നേരത്തേ ഡി സോൺ കലോത്സവസ്ഥലത്തുവെച്ചുണ്ടായ തർക്കത്തിലുൾപ്പെട്ട ചില വിദ്യാർഥികൾ ഫാറൂഖ് കാമ്പസിൽ എത്തിയിട്ടുണ്ടായിരുന്നു. ഈ വിദ്യാർഥികളുമായി ഇവിടത്തെ ഒരു സംഘം വിദ്യാർഥികൾ വാക്കുതർക്കമുണ്ടായതായി പറയുന്നു.

ഇത് സംഘർഷത്തിലേക്കു മാറിയപ്പോൾ പോലീസ് ഇവർക്കുനേരേ ലാത്തിവീശി. ഇവിടെനിന്ന് ചില വിദ്യാർഥികൾ നേരേ സംഘാടകസമിതി ഓഫീസിലേക്ക് ഓടിക്കയറി. ലാത്തിയുമായി പോലീസും പിന്നാലെ പാഞ്ഞു.

തുടർന്ന് സംഘാടകരിൽ ചിലരും വൊളന്റിയർമാരും പോലീസുമായി ഉന്തുംതള്ളുമായി. സംഘാടകസമിതി ഓഫീസ് പരിസരത്തെ ലാത്തിവീശലിനും സംഘർഷത്തിനുമിടെയാണ് പി.കെ. ഷിഫാന കുഴഞ്ഞുവീണത്. വൈകീട്ട് നാലേകാലോടെയായിരുന്നു ഈ സംഭവം.

ഇതിനുമുൻപ് വട്ടപ്പാട്ട് മത്സരം നടന്ന വേദിക്കരികിൽ വിധിനിർണയത്തെച്ചൊല്ലിയും തർക്കമുണ്ടായി. ജെംസ് കോളേജ് വിദ്യാർഥികളാണ് പരാതിയുമായെത്തിയത്.

തുടർന്നുണ്ടായ തർക്കവും സംഘർഷത്തിലേക്കു തിരിഞ്ഞപ്പോൾ പോലീസ് ലാത്തിവീശി. ഞായറാഴ്ച രാത്രി രണ്ടുതവണ എസ്.എഫ്.ഐ.-യു.ഡി.എസ്.എഫ്. വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി പോലീസ് ഇടപെട്ടിരുന്നു.

പോലീസ് മനഃപൂർവം മർദിച്ചെന്ന് പരാതി

കോട്ടയ്ക്കൽ: ഇന്റർസോൺ കലോത്സവത്തിൽ സംഘർഷം നിയന്ത്രിക്കാൻ മുന്നിൽനിന്ന ടാഗ് ധരിച്ച സംഘാടകരെ പോലീസ് മനഃപൂർവം ആക്രമിക്കുകയായിരുന്നെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ.

സംഘാടകസമിതി ഓഫീസിൽനിന്നാണ് ചെയർപേഴ്സൺ പി.കെ. ഷിഫാനയെ പുരുഷ പോലീസുകാർ ലാത്തികൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. വനിതാ പോലീസുകാർ സംഘർഷസ്ഥലത്തുണ്ടായിരുന്നില്ല.

കലോത്സവം ഭംഗിയായി നടത്താൻ ശ്രമിക്കുന്ന വിദ്യാർഥി നേതാക്കളെ അകാരണമായി പോലീസ് ആക്രമിക്കുന്നത് അനുവദിക്കാനാകില്ലെന്നും പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.