കോഴിക്കോട്‌: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക്‌ കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കെ.എസ്.യു. കാലങ്ങളായി എസ്.എഫ്.ഐ. യൂണിയന്‍ ഭരിച്ചിരുന്ന പല കോളേജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളില്‍ എസ്.എഫ്.ഐയുടേത്.

To advertise here,

പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളേജ്, പാട്ടാമ്പി ഗവ. കോളേജ്, ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ്, നെന്മാറ എന്‍.എസ്.എസ്. കോളേജ്, പറക്കുളം എന്‍.എസ്.എസ്. കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളേജ്. പട്ടാമ്പി ലിമന്റ് കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യു. സഖ്യം വിജയിച്ചു.

മലപ്പുറം മഞ്ചേരി എന്‍.എസ്.എസ്. കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളേജ്, മലപ്പുറം അംബേദ്കര്‍ കോളേജ്, കോഴിക്കോട് നാദാപുരം ഗവ. കോളേജ്‌ എന്നിവിടങ്ങളിലും കെ.എസ്.യു. വിജയം നേടി.

അതേസമയം, തൃശ്ശൂർ കേരള വര്‍മ കോളേജില്‍ തങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചുവെന്ന് കെ.എസ്.യു. അവകാശപ്പെട്ടു. കെ.എസ്.യു. സ്ഥാനാർഥിയായ ശ്രീക്കുട്ടൻ ശിവദാസൻ ആദ്യവട്ട വോട്ടെണ്ണലിൽ ഒരുവോട്ടിന് വിജയിച്ചു. എന്നാൽ, റിക്കൗണ്ടിങ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. രം​ഗത്തെത്തി. നിലിവിൽ ഇവിടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

കാഴ്ച പരിമിതിയുള്ള മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടന്‍. 38 വര്‍ഷം തുടര്‍ച്ചയായി ഇവിടെ എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചുവരുന്നത്.

പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ് ശ്രീക്കുട്ടന്‍. സുപ്രിയ- ശിവദാസന്‍ ദമ്പതിമാരുടെ മകനാണ്. ശ്രീക്കുട്ടന് അഭിനന്ദനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തി.