
വോട്ടെണ്ണൽ കേന്ദ്രത്തിൽ കയറി സംഘർഷം സൃഷ്ടിച്ചവരെ പോലീസ് ലാത്തിവീശി ഓടിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഡിഎസ്യു തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷം. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലുമായി ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്. രാത്രി ഏറെ വൈകിയും സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
വോട്ടെണ്ണല്‍ നടന്ന ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണു സംഭവം. റിട്ടേണിങ് ഓഫീസര്‍ ഒപ്പിടാത്ത ഇരുപത്തഞ്ചോളം ബാലറ്റ് പേപ്പറുകള്‍ പരിഗണിക്കരുതെന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം തുടങ്ങിയത്. കുറേനേരം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. പിന്നീട് പുനരാരംഭിച്ചതോടെ യുഡിഎസ്എഫിന്റെ കൗണ്ടിങ് ഏജന്റുമാരായ യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി ടി.പി. അഷ്താഫ്, പി.കെ. മുബഷീര്‍ എന്നിവര്‍ പെട്ടിയില്‍നിന്ന് ബാലറ്റ് പേപ്പറുകള്‍ വാരിയെറിഞ്ഞതായി ആരോപണമുയര്‍ന്നു. ഇതു തടയാന്‍ ശ്രമിച്ച എസ്എഫ്ഐയുടെ കൗണ്ടിങ് ഏജന്റ് ഷിഫാനയ്ക്ക് പരിക്കേറ്റു. ഇതോടെ ഇരുവിഭാഗവും വോട്ടണ്ണെല്‍ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. വോട്ടെണ്ണല്‍ വീണ്ടും നിര്‍ത്തി. ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വോട്ടെണ്ണല്‍ തുടരാനാകില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
പോലീസ് ലാത്തിവീശിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും ചിതറിയോടി. സംഘര്‍ഷത്തില്‍ സെമിനാര്‍ കോംപ്ലക്സിന്റെ ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ യുഡിഎസ്എഫ് പ്രവര്‍ത്തകരായ നിയാസ് കോഡൂര്‍, സലാഹുദ്ദീന് തെന്നല, പി.കെ. മുബഷീര്‍, സഫ്വാന് പത്തില്‍, കെ.പി. അശ്വിന് നാഥ് തുടങ്ങിയവരെ രണ്ടുമണിക്കൂറോളം ആശുപത്രിയിലെത്തിക്കാതെ കേന്ദ്രത്തില്‍ ഇരുത്തി. ഇവരെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് എസ്എഫ്ഐക്കാര്‍ തടഞ്ഞു. ബാലറ്റ് പേപ്പര്‍ നശിപ്പിച്ചവരെ അറസ്റ്റുചെയ്യണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
ഇതിനിടെ പുറത്തുനിന്ന് എംഎസ്എഫ്-ലീഗ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനുനേരേ കല്ലെറിഞ്ഞു. ജനല്‍ച്ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. എട്ടരയോടെ പരിക്കേറ്റവരെ പോലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൗണ്ടിങ് ഏജന്റുമാര്‍ ഇല്ലാതെ വോട്ടെണ്ണല്‍ തുടരേണ്ടതില്ല എന്ന് വിസി രേഖാമൂലം അറിയിച്ചതോടെ വോട്ടെണ്ണല്‍ തുടരാനാകില്ലെന്ന് ഒന്‍പതരയോടെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ബാലറ്റ് പെട്ടി സീല്‍ചെയ്ത് സ്ട്രോങ്റൂമിലേക്കു മാറ്റി.
മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും വിജയിക്കുമെന്നായപ്പോള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ബാഗുകളില്‍ വ്യാജ ബാലറ്റ് പേപ്പറുകള്‍ കൊണ്ടുവന്നതു തടയാനാണ് ശ്രമിച്ചതെന്നും ഇതോടെ തങ്ങളുടെ പ്രവര്‍ത്തകരെ പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും യുഡിഎസ്എഫും ആരോപിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് അധ്യാപകര്‍ക്ക് പുറത്തുകടക്കാനായില്ല. അതിനിടെ, വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്തുനടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ ശില്പ, അനഘ, ശ്രീഹരി, മുര്‍ഷാദ്, സി. അഭിനവ്കുമാര്‍, നവീന്‍ തുടങ്ങിയവര്‍ക്കും പരിക്കേറ്റു. രാവിലെമുതല്‍ പലതവണ ഇരുവിഭാഗവും ഏറ്റുമുട്ടുകയും പോലീസ് ഇടപെടുകയും ചെയ്തിരുന്നു. 2808 പേരില്‍ 2307 പേര് വോട്ട്ചെയ്തു. ഇതില്‍ 1008 വോട്ടുകള്‍ എണ്ണിയപ്പോഴാണ് സംഘര്‍ഷം കനത്തത്.
രാത്രി ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാമ്പസിനു ചുറ്റും തടിച്ചുകൂടി. പിന്നീട് പതിനൊന്നരയോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു. ഡിഎസ്യു പ്രസിഡന്റ് ഡോ. വി.എ. ഷഹനയെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായും അധ്യാപകരെ അസഭ്യം പറഞ്ഞതായും വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അധ്യാപകര്‍ അറിയിച്ചു. പതിനൊന്നുമണിയോടെയാണ് ഇവിടെ കുടുങ്ങിക്കിടന്ന അധ്യാപകരെ പുറത്തെത്തിച്ചത്.
Content Highlights: Violence erupts during Calicut University DSOU election vote counting. Over 20 injured, including police, after clashes between UDSF and SFI. Vote counting halted.
Published: 11 Oct 2025, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented