തൃശൂർ: പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി.എസ്.ടി. നിർണ്ണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജി.എസ്.ടി. നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും. ബുധനാഴ്ച രാവിലെ തൃശൂർ രാമനിലയത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കാസിനോ, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക് 28 ശതമാനം ജി.എസ്.ടി ഈടാക്കാൻ അമ്പതാമത് ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജി.എസ്.ടി. നിയമഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജി.എസ്.ടി. നിയമത്തിൽ കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.
ഓൺലൈൻ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജി.എസ്.ടി. നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക് 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ് ഇറക്കുക.
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ
- വ്യവസായ ആവശ്യങ്ങൾക്കായി വ്യവസായ ഏരിയയിൽ സർക്കാർ ഭൂമിക്ക് പട്ടയം നൽകുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കേരള ഗവൺമെന്റ് ലാന്റ് അലോട്ട്മെൻറ് ആന്റ് അസൈൻമെന്റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് 2023 അംഗീകരിക്കാൻ തീരുമാനിച്ചു.
- സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി ഐ ഷേയ്ക്ക് പരീതിന്റെ പുനർ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
- സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതി തേടും. ശിക്ഷാ ഇളവ് നൽകുന്നത് സംബന്ധിച്ചാണ് ഭേദഗതി. ശിക്ഷാ ഇളവ് നൽകുന്നത് മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
- ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി നൽകി.
- കണ്ണൂർ ജില്ലയിലെ കക്കാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫർണിച്ചറുകൾ വാങ്ങുന്നതിന് 19, 27,192 രൂപ അനുവദിച്ചു.
- കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ്- മജിസ്ട്രേറ്റ് ; സബ്ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേരുകൾ പുനർനാമകരണം ചെയ്യും. മുൻസിഫ്- മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് ( ജൂനിയർ ഡിവിഷൻ ) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് ( സീനിയർ ഡിവിഷൻ ) എന്നുമാണ് പുനർനാമകരണം ചെയ്യുക. ഇതിനായി 1991 ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഈ മാറ്റം.
Content Highlights: State GST act amendment for online gambling. Cabinet meeting decisions.
Published: 06 Dec 2023, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented