പാലക്കാട്‌: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും അതില്‍ പിഴവുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും സി കൃഷ്ണകുമാര്‍. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് മത്സരിച്ചത്. പുറത്തുവരുന്ന പല വാര്‍ത്തകളും മാധ്യമ സൃഷ്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

പാലക്കാട് നഗരസഭ അധ്യക്ഷയായ പ്രമീളാ ശശിധരന്‍ സഹോദരിയെ പോലെയാണ്. അവര്‍ പറയുന്നതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും സി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

''സാധാരണ വീട്ടമ്മയായിരുന്ന, സാധരണ നഗരസഭ കൗണ്‍സിലര്‍ മാത്രമായിരുന്ന, തികഞ്ഞ രാഷ്ട്രീയക്കാരിയല്ലാത്ത അവര്‍ വൈകാരികമായി പ്രതികരിക്കും. ഞാനും പ്രമീള ചേച്ചിയും 25 വര്‍ഷമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. എന്റെ സഹോദരിയെ പോലുള്ള വ്യക്തിയാണവര്‍. കുടുംബപരമായിട്ടും വളരെ അടുപ്പമുണ്ട്. അങ്ങനെ ചേച്ചിയെപ്പോലെ ഉള്ള ഒരാള്‍ പറയുന്നതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ അത് പരിശോധിക്കും തിരുത്തല്‍ വേണ്ടിണ്ടത്ത് തിരുത്തുകയും ചെയ്യും''.- സി കൃഷ്ണകുമാര്‍ പറഞ്ഞു.

ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എൻ. ശിവരാജന്‍ സീനിയര്‍ നേതാവാണെന്നും അദ്ദേഹം പറയുന്നതിനെ ഉള്‍ക്കൊള്ളുന്നുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

'ശിവരാജേട്ടനെ പോലൊരു സീനിയര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സംഘടന അദ്ദേഹത്തോട് സംസാരിക്കും. അദ്ദേഹം മണ്ഡലം പ്രസിഡന്റായിരുന്ന കാലത്ത് ബുത്ത് പ്രസിഡന്റായിട്ടുള്ള വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തെ പോലൊരു സീനീയര്‍ നേതാവ് എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞാന്‍ ഉള്‍ക്കൊള്ളുന്നു. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അവരെ വിളിച്ചിരുത്തി സംസാരിക്കുന്നതാണ് ഞങ്ങളുടെ രീതി''- കൃഷ്ണകുമാര്‍ പറഞ്ഞു.

ഒരാള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്നും തന്റെ പാര്‍ട്ടിയിലെ എല്ലാ വ്യക്തികളെയും ഒരുമിച്ച് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്നും കൃഷ്ണകുമാര്‍ കൂട്ടിചേര്‍ത്തു.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി കഴിഞ്ഞദിവസം പ്രമീള ശശിധരന്‍ രം​ഗത്തെത്തിയിരുന്നു.  സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നുമാണ് പ്രമീള പറഞ്ഞത്. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാര്‍ഥി നിന്നതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നുവെന്നും അതൃപ്തി മറികടന്നാണ് തങ്ങള്‍ പ്രചാരണത്തിന് പോയതെന്നും പ്രമീള ശശിധരൻ വ്യക്തമാക്കുകയുണ്ടായി.

പാലക്കാട്ടെ തോല്‍വി ബി.ജെ.പി കൗണ്‍സിലര്‍മാരുടെ തലയില്‍വെക്കേണ്ടെന്ന് എന്‍. ശിവരാജനും പ്രതികരിച്ചിരുന്നു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും  സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നുമാണ് ശിവരാജന്‍ ആവശ്യപ്പെട്ടത്.