നേര്യമംഗലം: നേര്യമംഗലത്തിന് സമീപം കരിമണലിൽ ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞ് അപകടം. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കൊച്ചിൻ' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

To advertise here,

ലോറിക്ക് പിന്നിലിടിച്ച ബസ് നേര്യമംഗലം വനത്തിന് സമീപത്തുള്ള കുഴിയിലേക്കാണ് മറിഞ്ഞത്. കനത്ത മഴയെത്തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ സഹായത്തോടെ ബസിന്റെ ചില്ലുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. 

ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ആർ. സന്തോഷ് കുമാർ, ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ അഖിൽ വിനായക്, സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഉടുമ്പൻചോല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരിക്കേറ്റവരെ നേര്യമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി.