
തിരുവനന്തപുരം: തലസ്ഥാനത്തു നിന്നെത്തിയ വാര്‍ത്ത ഒരു സംസ്ഥാനത്തെയാകെ അസ്വസ്ഥപ്പെടുത്തിയ ഒരു പകലാണ് കടന്നുപോയത്. തിരുവനന്തപുരം ചാക്കയില്‍ ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരുടെ രണ്ടുവയസുകാരിയായ കുഞ്ഞിനെ കാണാതായെന്ന വാര്‍ത്ത സ്വന്തം വീട്ടിലെ കുഞ്ഞിനെ കാണാതായ അത്ര നടുക്കത്തോടെയാണ് കേരളം കേട്ടത്. ഒടുവില്‍ ആശങ്കയുടെ 19 മണിക്കൂറുകള്‍ക്കിപ്പുറം രാത്രിയോടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളാണ് ഉയര്‍ന്നത്.
ഈ സാഹചര്യം കേരളം ഇതിന് മുമ്പും അഭിമുഖീകരിച്ചിട്ടുണ്ട്. അധികമൊന്നുമായില്ല, മൂന്ന് മാസത്തോളം മുമ്പ് കഴിഞ്ഞ നവംബറിലാണ് കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം നടന്നുപോകവെയാണ് കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്.
ആറുവയസുകാരിയുടെ ചേട്ടനാണ് ഓയൂര്‍ കേസിലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് നല്‍കിയത്. ചേച്ചിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ തന്നാല്‍ കഴിയുംവിധം ചെറുത്തുനിന്ന ആ കുട്ടിയാണ് ഹീറോ എന്ന് പ്രതികളെല്ലാം പിടിയിലായ ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചാക്കയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും സമാനമായ കാര്യമാണ് നടന്നത്. കാണാതായ രണ്ടുവയസുകാരിയുടെ കൂടപ്പിറപ്പാണ്, ഉറങ്ങിക്കിടക്കുകയായിരുന്ന അനിയത്തിയെ മഞ്ഞ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ എടുത്തുകൊണ്ടുപോയി എന്ന് പോലീസിന് മൊഴി കൊടുത്തത്. ഓയൂരിലേതിന് സമാനമായി പോലീസിന് ആദ്യഘട്ടത്തില്‍ ലഭിച്ച നിര്‍ണായകമായ വിവരമായിരുന്നു അത്. പിന്നീട് മറ്റൊരാളെത്തി മഞ്ഞ സ്കൂട്ടറിൽ കുഞ്ഞുമായി പോകുന്നത് കണ്ടുവെന്ന് പോലീസിനോട് പറയുക കൂടി ചെയ്തതോടെ സഹോദരന്റെ മൊഴിയുടെ ആധികാരികത വർധിച്ചു.
കുഞ്ഞിനെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവര്‍ക്കായുള്ള അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിച്ചത്. ഈ അന്വേഷണത്തില്‍ സഹോദരന്റെ മൊഴി നിര്‍ണ്ണായകമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Content Highlights: Brother of missing girl gave crucial lead to Kerala police, like oyoor kidnapping case.
Published: 19 Feb 2024, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented