തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ കോർപ്പറേഷൻ തിരുവല്ലം മേഖലാ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസ് വിജിലൻസിന്റെ പിടിയിൽ. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പി’ന്റെ ഭാഗമായി തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദ്യോഗസ്ഥനെ പിടികൂടിയത്.
പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള മരുമകൻ പാച്ചല്ലൂർ ഭദ്രാനഗറിൽ പണികഴിപ്പിക്കുന്ന അപ്പാർട്ട്മെന്റിന്റെ നിർമാണപ്രവർത്തികൾ പൂർത്തിയാക്കി കെട്ടിട നമ്പർ ലഭിക്കുന്നതിന് കംപ്ലീഷൻ പ്ലാനും മറ്റു രേഖകളും 2024 ഡിസംബറിൽ തിരുവല്ലം മേഖല ഓഫീസിൽ സമർപ്പിച്ചിരുന്നു. ഓവർസിയറായ പത്രോസ്, അസി. എക്സിക്യുട്ടീവ് എൻജിനിയറുമായി സ്ഥലപരിശോധന നടത്തിയശേഷം അപ്പാർട്ട്മെന്റിനു പുറത്ത് ടോയ്ലറ്റ് പണിയണമെന്ന് നിർദേശിച്ചു. ടോയ്ലറ്റ് പണികഴിപ്പിച്ചശേഷം ഓവർസിയറെ പലപ്രാവശ്യം ഫോണിൽ അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയില്ല. തുടർന്ന് മേയ് ഏഴിന് തിരുവല്ലം സോണൽ ഓഫീസിൽ പോയി ഓവർസിയറെ നേരിൽക്കണ്ടപ്പോഴാണ് സ്ഥലപരിശോധനയ്ക്ക് എത്തിയത്.
തുടർന്ന് കെട്ടിടനിർമാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും താൻ വിചാരിച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഓവർസിയർ പരാതിക്കാരനോട് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. വെള്ളിയാഴ്ച പണവുമായി ഓഫീസിൽ വരാൻ നിർദേശിച്ചു.
പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മേഖലാ ഓഫീസിൽവെച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് പത്രോസിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Content Highlights: bribe for building permit oversear arrested by vigilance
Published: 10 May 2025, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented