
കൊച്ചി: ബി.പി.സി.എൽ. ഡ്രൈവർമാരുടെ മിന്നൽപണിമുടക്ക് അവസാനിപ്പിച്ചു. മാനേജ്മെന്റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. തൃശ്ശൂർ കൊടകരയിലെ ഏജൻസിയിലുണ്ടായ അക്രമത്തിലെ പ്രതികൾക്കെതിരേ കർശനമായ നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തെ തുടർന്നാണ് ഡ്രൈവറെ ക്രൂരമായി മർദിച്ചത്.
അക്രമം നടത്തിയ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് ഡ്രവർമാർ ഉന്നയിച്ച പ്രധാന ആവശ്യം. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. കൂടാതെ, ഇത്തരം സംഭവങ്ങൾ ഇനി ഒരു ഏജൻസിയിൽനിന്നും ഉണ്ടാകാതിരിക്കാനായി സർക്കുലറായി പ്ലാന്റിൽനിന്ന് കൊടുക്കണമെന്നും ആവശ്യ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ അനൂകൂല തീരുമാനമുണ്ടായതോടെയാണ് സർവീസ് പുനരാരംഭിക്കാൻ ഡ്രൈവർമാർ സന്നദ്ധതയറിയിച്ചതെന്ന് സി.ഐ.ടി.യു. ബി.പി.സി.എൽ. മേഖലാസെക്രട്ടറി ഷിബു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, അക്രമം നടത്തിയ തൊഴിലാളികളെ സി.ഐ.ടി.യു. സംഘടനയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.
ബിപിസിഎൽ പാചകവാതക പ്ലാന്‍റിൽനിന്നും തൃശ്ശൂർ കൊടകര ശ്രീമോൻ ഏജൻസിയിൽ ലോഡിറക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
17.50 രൂപ കുറഞ്ഞെന്നാരോപിച്ചാണ് അവിടെയുണ്ടായിരുന്ന കയറ്റിറക്ക് തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചത്. ലോഡ് ഇറക്കുന്നതിന് 17.50 അധികമായി ഇവർ ആവശ്യപ്പെടുകയായിരുന്നു. ഈ പണം ഡ്രൈവർ നൽകുകയാണെങ്കിൽ ഇത് ഡ്രൈവറുടെ ശമ്പളത്തിൽ നിന്നും കരാറുകാർ ഈടാക്കുമെന്ന് കയറ്റിറക്ക് തൊഴിലാളികളെ ഡ്രൈവർ അറിയിക്കുകയും പണം നൽകാൻ വിസമ്മതിക്കുകയുമായിരുന്നു. എന്നാൽ ഇതിൽ പ്രകോപിതരായാണ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത്. എസ്ടിഎം ട്രാൻസ്പോർട്ടേഴ്സിലെ കരാർ ഡ്രൈവറായ ശ്രീകുമാറിനാണ് മർദനമേറ്റത്.
അവിടെയുണ്ടായിരുന്നവരിൽ ഒരാൾ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാൾ മർദ്ദിക്കുകയുമായിരുന്നു. അതേസമയം മർദ്ദനമേറ്റതിന് ശേഷം തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയശേഷം തിരികെ കൊച്ചിയിലെത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്.
23 കോൺട്രാക്ടർമാർക്ക് കീഴിലുള്ള നൂറ്റിയമ്പതോളം ജീവനക്കാരാണ് പണിമുടക്കിയത്. ഇതോടെ ആറ് ജില്ലകളിലേക്കുള്ള നൂറ്റിനാൽപതോളം ലോഡ് സർവീസ് മുടങ്ങിയിരുന്നു.
Content Highlights: BPCL Drivers strike ended
Published: 10 May 2024, 12:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented