തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷ്. വ്യാഴാഴ്ചയാണ് കോർപ്പറേഷനിലെ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെ ബിജെപി പ്രഖ്യാപിച്ചത്. ബിജെപി വനിതാ നേതാവായ ജി.എസ്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുക.

To advertise here,

കോർപ്പറേഷനിൽ ബിജെപിയുടെ മിന്നുംജയത്തിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പ്രധാന പേരുകളിലൊന്ന് വി.വി. രാജേഷിന്റേതായിരുന്നു. റിട്ട. ഐപിഎസുകാരിയായ ആർ. ശ്രീലേഖയുടെ പേരാണ് രാജേഷിനൊപ്പം സജീവ പരിഗണനയിലുണ്ടായിരുന്നത്. അവസാനനിമിഷം രാജേഷിനെ പാർട്ടി നേതൃത്വം മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുക്കുകയായിരുന്നു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും ഇടപെടലാണ് രാജേഷിനെ തുണച്ചത്. ആർഎസ്എസിന്റെ പൂർണപിന്തുണ രാജേഷിനായിരുന്നു. രാഷ്ട്രീയപശ്ചാത്തലവും സാമൂഹികപ്രവർത്തന പരിചയവും പാർട്ടിയിലെ നേതൃപദവിയും അനുകൂലമായി.

എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.വി. രാജേഷ് തിരുവനന്തപുരം വഞ്ചിയൂർ നിവാസിയാണ്. എൽഎൽബി ബിരുദധാരിയായ അദ്ദേഹം യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.

ഇത് രണ്ടാംതവണയാണ് വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2015-ൽ പൂജപ്പുര വാർഡിൽനിന്ന് അദ്ദേഹം കോർപ്പറേഷൻ കൗൺസിലറായി. ഇത്തവണ കൊടുങ്ങാനൂർ വാർഡിൽ 515 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും മത്സരിച്ചു. വട്ടിയൂർക്കാവിൽ ശക്തമായ മത്സരത്തിൽ വി.വി. രാജേഷ് രണ്ടാമതെത്തിയിരുന്നു.

തിരുവനന്തപുരത്തെ ബിജെപി വനിതാ നേതാക്കളിൽ സുപരിചിതമുഖമാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജി.എസ്. ആശാനാഥ്. തുടർച്ചയായ മൂന്നാംതവണയാണ് ആശാനാഥ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2015-ലും 2020-ലും പാപ്പനംകോട് വാർഡിൽനിന്നാണ് ആശാനാഥ് കോർപ്പറേഷൻ കൗൺസിലറായത്. ഇത്തവണ കരുമം വാർഡിൽനിന്ന് 1081 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. നിലവിൽ ബിജെപി സിറ്റി ജില്ലാ സെക്രട്ടറിയാണ്.