
ഇന്ന് പുറത്തെത്തിയ ബിജെപിയുടെ ദേശീയ ഭാരവാഹിപ്പട്ടിക കേരളത്തിലെ പാർട്ടിയുടെ ഗ്രൂപ്പ് സമവാക്യങ്ങളിലും അടിമുടിമാറ്റത്തിന് വഴിതെളിച്ചേക്കും. കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായപ്പോൾ, എ.പി. അബ്ദുള്ളക്കുട്ടിക്ക് ഉപാധ്യക്ഷസ്ഥാനം നഷ്ടമായി. ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെ സുരേന്ദ്രന് കിട്ടുന്ന സുപ്രധാന ചുമതലയാണ് ദേശീയ സെക്രട്ടറിസ്ഥാനം.
പി.എസ്. ശ്രീധരൻപിള്ളയ്ക്ക് പിൻഗാമിയായി പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തിയ സുരേന്ദ്രൻ 2020 ഫെബ്രുവരി മുതൽ 2025 മാർച്ച് വരെയാണ് സ്ഥാനത്തുണ്ടായിരുന്നത്. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയതിന് ശേഷം കാര്യമായ സ്ഥാനങ്ങളൊന്നും ഇല്ലാതിരുന്ന സുരേന്ദ്രന് ഇപ്പോൾ ലഭിച്ച സുപ്രധാനപദവി, സംസ്ഥാനത്തെ ഗ്രൂപ്പ് പോരിൽ വി. മുരളീധരപക്ഷത്തിന് മേൽക്കൈ നൽകുമെന്ന് ഉറപ്പാണ്.
അതേസമയം, പി.കെ. കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയാണ് ഈ പുനഃസംഘടനയിലുണ്ടായത്. ഗ്രൂപ്പ് പ്രതിനിധികൾക്കോ കൃഷ്ണദാസിനുതന്നെയോ പ്രാതിനിധ്യം ലഭിച്ചില്ല. കൃഷ്ണദാസിന് സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കേരളത്തിലെ പ്രമുഖ വനിതാ നേതാവായിരുന്നിട്ടും ശോഭാ സുരേന്ദ്രൻ പൂർണമായും ഒഴിവാക്കപ്പെട്ടു. ദേശീയതലത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ടുള്ളതാണ് പട്ടികയെങ്കിലും അതിൽ ഇടംനേടാൻ ശോഭയ്ക്ക് കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള നേതാവായിരുന്നിട്ടും അനൂപ് ആന്റണിക്ക് സ്ഥാനമൊന്നും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, അനിൽ ആന്റണി ദേശീയ സെക്രട്ടറിയാവുകയും ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽനിന്ന് മത്സരിച്ച അനൂപ്, 43,078 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. സിറ്റിങ് എംഎൽഎ മാത്യു ടി. തോമസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു ഇത്. അനൂപ് ആന്റണിക്ക്, ദേശീയ ഭാരവാഹിത്വം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ. ആന്റണിയുടെ മകൻകൂടിയായ അനിലിന് ദേശീയസെക്രട്ടറിസ്ഥാനം ലഭിക്കുകയും ചെയ്തു.
സിപിഎം വിട്ട് കോൺഗ്രസ് വഴി ബിജെപിയിൽ എത്തിയ എ.പി. അബ്ദുള്ളക്കുട്ടിക്ക് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. 2019-ൽ ബിജെപിയിൽ ചേർന്ന അബ്ദുള്ളകുട്ടിക്ക് 2020-ലാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
Read more: കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി
Content Highlights: K Surendran and Anil Antony appointed as BJP National Secretaries., AP Abdullakkutty loses the National Vice-President post., Shobha Surendran and Anoop Antony completely omitted from the new list., Changes in the national list signal a shift in Kerala BJP's internal factional equations, benefiting the V Muraleedharan camp.
Published: 17 Aug 2026, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented