കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 സ്ഥാനാർഥികൾ, സെലിബ്രിറ്റികളോ മറ്റു പാർട്ടികളിൽനിന്നു വന്നവരോ ആകണമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം. ഇതോടെ സിനിമാ, ടി.വി. താരങ്ങളുടെയും എഴുത്തുകാരുടെയും സംരംഭകരുടെയും പിന്നാലെ പായുകയാണ് സംസ്ഥാന നേതാക്കൾ.

To advertise here,

എൻ.ഡി.എ.കൺവീനർ എ.എൻ. രാധാകൃഷ്ണനാണ് ഇതിന്റെ ചുമതല. ഗായികയെയും ഗായകനെയുംവരെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. സമീപിച്ചെങ്കിലും ഇവരാരും സമ്മതിച്ചില്ല. സംഘപരിവാർ അനുകൂലിയായ യുവനടൻപോലും മത്സരിക്കാനാകില്ലെന്നു പറഞ്ഞത് പാർട്ടിക്ക് തിരിച്ചടിയായി. എങ്കിലും താരങ്ങളുമായുള്ള കൂടിക്കാഴ്ച കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ബി.ജെ.പി.

ട്വന്റി ട്വന്റിയുടെയും ബി.ഡി.ജെ.എസിന്റെയും സ്ഥാനാർഥികളായി സെലിബ്രിറ്റികളെ കൊണ്ടുവരാനുള്ള നീക്കവുമുണ്ട്. ടി.വി.താരം അഖിൽ മാരാരെ കൊട്ടാരക്കരയിലോ പത്തനാപുരത്തോ സ്ഥാനാർഥിയാക്കാനായിരുന്നു ആലോചന. പ്രാദേശികമായ എതിർപ്പുള്ളതിനാൽ ഇദ്ദേഹത്തെ എറണാകുളം ജില്ലയിലേക്കാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് വിവരം. പാറശ്ശാലയിൽ സംരംഭകനായ ഗിരീഷ് നെയ്യാർ സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്. ടി.വി.താരം റോബിൻ രാധാകൃഷ്ണനും മത്സരിക്കാൻ സമ്മതിച്ചതായാണ് വിവരം.

വലവീശിപ്പിടിക്കുന്ന സെലിബ്രിറ്റികളെയും മറ്റു പാർട്ടികളിൽനിന്നു വരുന്നവരെയും മത്സരിപ്പിക്കുന്നത് ഗുണംചെയ്യില്ലെന്ന അഭിപ്രായം ബി.ജെ.പി.യിൽ ശക്തമാണ്. മുൻകാലങ്ങളിൽ ഇങ്ങനെ മത്സരിപ്പിച്ചവരിലേറെയും വന്നവഴി മടങ്ങുന്ന അനുഭവം അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വർഷങ്ങൾക്കുമുൻപുതന്നെ ശ്രീശാന്ത്, പുനത്തിൽ കുഞ്ഞബ്ദുള്ള, മാടമ്പ് കുഞ്ഞുകുട്ടൻ, ഭീമൻ രഘു, രാജസേനൻ തുടങ്ങി ഒട്ടേറെപ്പേരെ ബി.ജെ.പി. മത്സരിപ്പിച്ചിരുന്നു. ഇതിൽ ചിലർ പിന്നീട് ബി.ജെ.പി.യുമായും സംഘപരിവാർ സംഘടനകളുമായും സഹകരിച്ചെങ്കിലും ഭൂരിപക്ഷംപേരും ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നാണ് എതിർപ്പ് ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സെലിബ്രിറ്റി സ്ഥാനാർഥികളിലൂടെ ബി.ജെ.പി. ദേശീയനേതൃത്വത്തിന് രണ്ടു ലക്ഷ്യമാണുള്ളത്. പാർട്ടിക്കു പുറത്തുനിന്നുള്ള പരമാവധി വോട്ട് നേടി, വോട്ടുശതമാനം ഉയർത്തുകയാണ് ആദ്യത്തേത്. സെലിബ്രിറ്റികളിലൂടെ മലയാളിസമൂഹത്തിൽ ബി.ജെ.പി.ക്ക് സ്വീകാര്യതയുണ്ടാക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം.