തിരുവനന്തപുരം: ആത്മഹത്യചെയ്ത ആർഎസ്എസ് പ്രവർത്തകനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലായിരുന്നുവെന്നും സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.

To advertise here,

'ആനന്ദിന്റെ മരണത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന നീചമായ പ്രവർത്തനം മന്ത്രിമാരും മറ്റു രാഷ്ട്രീയക്കാരും ഉപേക്ഷിക്കണം. ആനന്ദ് ബിജെപി പ്രവർത്തകനായിരുന്നില്ല. ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നയാൾ അല്ല. ബിജെപി ജനാധിപത്യ രീതിയിലാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അത്തരത്തിലുള്ള പ്രക്രിയയിൽ ആ യുവാവിന്റെ പേര് വന്നിട്ടില്ല. അദ്ദേഹം ഇന്ത്യ മുന്നണിയുടെ ഒപ്പമുള്ള ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗത്തിൽ ചേർന്നിരുന്നു. കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം നിൽക്കുന്ന ശിവസേനയിലാണ് അദ്ദേഹം അംഗത്വം എടുത്തത്', എസ്. സുരേഷ് പറഞ്ഞു.

'ആനന്ദിന്റെ മരണം ബിജെപിക്കെതിരായ കുപ്രചാരണത്തിനായി ഉപയോഗിക്കുന്നു. കെപിസിസി ഓഫീസ് വ്യഭിചാര കേന്ദ്രമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ബിജെപിയെ വിമർശിക്കാൻ വരേണ്ടതില്ല. കെ. മുരളീധരനും മന്ത്രി വി. ശിവന്‍കുട്ടിക്കും അങ്കലാപ്പാണ്. അവർക്ക് വിഭ്രാന്തിയാണ്. കെ. മുരളീധരൻ രാജീവ് ചന്ദ്രശേഖറിനെ അധിക്ഷേപിച്ചു. രാജീവ് ചന്ദ്രശേഖർ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല. അച്ഛന്റെ തണലിലല്ല. രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കാൻ കെ. മുരളീധരൻ അഞ്ച് ജന്മം ജനിക്കേണ്ടിവരും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ ധൈര്യം മുരളീധരനും കെപിസിസിക്കും ഉണ്ടോ? ഇന്നും രാഹുലിനെ ചുമന്നു നടക്കുകയല്ലേ കോൺഗ്രസ്. രാഹുൽ കോൺഗ്രസിന്റെ ഒരു എംപിയുടെ മകളെ പീഡിപ്പിച്ചു. മുരളീധരൻ ചാരിത്ര്യ പ്രസംഗം നടത്തരുത്', എസ് സുരേഷ് പറഞ്ഞു.