തലശ്ശേരി: ബിജെപിയെ തള്ളാതെയും കൊള്ളാതെയും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനി.  ആർക്കും എതിരായിട്ടും അനുകൂലമായിട്ടും നിലപാടില്ലെന്നും ഛത്തീസ്ഗഢിലെ സിസ്റ്റേഴ്സിന് ജാമ്യം ലഭിച്ചുവെന്നത് അനുകൂലമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

'ബിജെപിയെ വിമർശിക്കാൻ മടിക്കുന്നില്ലെന്ന് ഈ ദിവസങ്ങളിൽ സ്വീകരിച്ച നിലപാടുകളിൽ വ്യക്തമാണ്. തൂമ്പായെ തൂമ്പ എന്നു തന്നെ എല്ലാ കാലത്തും വിളിക്കും.  തെറ്റിനെ തെറ്റ് എന്നു തന്നെ വിളിക്കും. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു പാർട്ടിയെ നിരന്തരമായി ആക്രമിച്ചുക്കൊണ്ടിരിക്കുക എന്ന നിലപാടില്ല' ബിഷപ്പ് പറഞ്ഞു.

തെറ്റു പറ്റിയെങ്കിൽ അത് തിരുത്താൻ കാണിക്കുന്ന ആർജ്ജവത്തെ അം​ഗീകരിക്കുന്നു. സഭയുടെ ഭാ​ഗത്ത് നിന്നുണ്ടായ പ്രതികരണങ്ങൾ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവരെ പ്രേരിപ്പിക്കുമെന്നാണ് വിശ്വാസം. ജാമ്യത്തിന് വേണ്ടി നടത്തിയ പ്രതിഷേധങ്ങൾ അവസാനിക്കുകയാണ്. കേസ് ശരിയായ നിലയ്ക്കാണ് മുന്നോട്ടുപോകുന്നതെന്നും നീതി ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് നിയമപരമായ നടപടികൾ സഭയുടെ ഭാ​ഗത്തുനിന്നുണ്ടാകും.

പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിരോധിത നിയമമുണ്ട്. ഈ നിയമത്തിലെ നിർബന്ധിത മതപരിവർത്തനം എന്ന ആശയത്തെ ആൾക്കൂട്ടം വ്യാഖ്യാനിക്കുന്ന സാഹചര്യമാണ് സഭ നേരിടുന്ന വലിയ പ്രതിസന്ധി. ഇതിൽ വിശാലമായ ചർച്ചകളും പരിഹാരങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.