തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം മതപരിവർത്തനമാണെന്നും, സംഭവത്തോടെ ഇന്ത്യയൊട്ടുക്ക് രഹസ്യമായി തുടർന്ന മതപരിവർത്തനം മറനീക്കി പുറത്തുവന്നെന്നും ഹിന്ദു ഐക്യവേദി നേതാവിന്റെ ലേഖനം.

To advertise here,

കന്യാസ്ത്രീകളുടെ ജാമ്യത്തിനടക്കം ഇടപെട്ട ബിജെപി കേരള, ദേശീയഘടകങ്ങളെ തള്ളുന്ന ലേഖനം സഭകൾക്കെതിരേയും രൂക്ഷവിമർശനം ഉയർത്തുന്നു. ക്രിസ്ത്യാനികളെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപിക്കു തിരിച്ചടിയാണ് ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് ഇ.എസ്. ബിജുവിന്റെ ലേഖനത്തിലെ പരാമർശങ്ങൾ.

'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന കേസരിയിലെ ലേഖനം കേരളത്തിലും മതപരിവർത്തനശ്രമം എല്ലാ അതിരും ലംഘിച്ച് മുന്നേറുകയാണെന്ന് കുറ്റപ്പെടുത്തുന്നു. മതപരിവർത്തനത്തിനെതിരേയുള്ള കടുത്ത നിലപാട് ഒന്നുകൂടി കടുപ്പിക്കുകയാണ് ഇതിലൂടെ ഹിന്ദുഐക്യവേദി. ഇന്നത്തെ വിചിത്ര അവസ്ഥമാറാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്ന ലേഖനത്തിൽ മതംമാറുന്നവർ രാജ്യദ്രോഹിയാണെന്നും പറയുന്നു.

മോദിയുടെ ഭരണത്തുടർച്ച തടയാൻ ആഗോളമത നേതൃത്വം അവിശുദ്ധ സഖ്യത്തിന് നേതൃത്വം കൊടുത്തെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായെന്ന ആരോപണവും ലേഖനത്തിലുണ്ട്. ക്രിസ്ത്യൻ, മുസ്‌ലിം മതനേതൃത്വങ്ങൾ ഹിന്ദുക്കളെ മതംമാറ്റാനുള്ള ശ്രമം വളരെക്കാലമായി നടത്തുന്നു. ക്രിസ്ത്യാനികളുടെ മതപരിവർത്തനം കൗശലത്തോടെയാണെന്നും ലേഖനം പറയുന്നു.

ആർഎസ്എസിന്റെ ക്രൈസ്തവ വിരുദ്ധത -കെ.സി. വേണുഗോപാൽ

ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മതപരിവർത്തനമെന്ന ഉണ്ടയില്ലാവെടികൊണ്ട് നാട്ടിൽ വെറുപ്പുപടർത്തി ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിനു പിന്നിൽ- വേണുഗോപാൽ പറഞ്ഞു.