തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ യുഡിഎഫ് സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി അതിർത്തി കടക്കുന്നു. ഭൂട്ടാനിൽ 'തൂഫാൻ' നടപ്പിലാക്കാൻ അവിടുത്തെ സർക്കാർ തന്നെ ബന്ധപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 'ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലുംഗ്ദെൻ ദോർജി എന്നെ ഫോണിൽ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങൾ ആരായുകയും ചെയ്തു' എന്ന് ചെന്നിത്തല അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.

To advertise here,

കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതുവരെ 12111 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11241 ആയി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം ഇതുവരെ 24010.692 ഗ്രാം എം.ഡി.എം.എയും 1520.724 കി.ഗ്രാം കഞ്ചാവും 541.547 ഗ്രാം ഹെറോയിനും 708.819 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ദി നാർക്കോഹണ്ടിന്റെ മാതൃക തേടി അയൽരാജ്യമായ ഭൂട്ടാൻ സർക്കാരും നമ്മെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഭൂട്ടാൻ ആഭ്യന്തരമന്ത്രി ശ്രീ ലുംഗ്ദെൻ ദോർജി എന്നെ ഫോണിൽ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങൾ ആരായുകയും ചെയ്തു.

മാധ്യമ വാർത്തകളിലൂടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞത്. ലഹരി വലിയൊരു വിപത്തായി മാറുന്ന പശ്ചാത്തലത്തിൽ 'തൂഫാൻ' നടപ്പിലാക്കാൻ ഭൂട്ടാൻ സർക്കാരും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും, പ്രവർത്തനരീതികൾ സംബന്ധിച്ച ചർച്ചകൾ നടത്താമെന്നും ആവശ്യമായ വിവരങ്ങൾ കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്.

കേരളം നടപ്പിലാക്കിയ ഒരു പദ്ധതി രാജ്യാതിർത്തികൾ കടന്ന് മറ്റ് രാജ്യങ്ങൾക്ക് കൂടി വഴികാട്ടിയാവുന്നു എന്നത് നമുക്ക്- പ്രത്യേകിച്ച് ഓപ്പറേഷൻ തൂഫാനിന് അഭിമാനിക്കാവുന്ന നേട്ടമാണ്.