
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം. കേന്ദ്ര നേതൃത്വം കേരളഘടകത്തിന് മുന്നറിയിപ്പ് നൽകണം. നന്ദി ഗ്രാം ഒരു പാഠമാകണമെന്നും പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം അഭിപ്രായപ്പെട്ടു.
പാർട്ടികോൺഗ്രസിൽ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ വിഷയത്തിൽ അനുകൂലിച്ച് സംസാരിച്ചിരുന്നു. സ്വാഗതപ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചശേഷമാണ് മുഖ്യമന്ത്രി കെ-റെയിൽ വിഷയം അവതരിപ്പിച്ചത്. പദ്ധതി നടപ്പിലാക്കും എന്ന ധ്വനിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുണ്ടായിരുന്നത്. ഈ ഒരു വിഷയത്തിലാണ് ബംഗാൾ നേതാക്കൾ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകണം എന്നാണ് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കളുടെ ആവശ്യം.
പാർട്ടിക്ക് മുമ്പിൽ നന്ദിഗ്രാം തിരിച്ചടി നേരിട്ട മാതൃകയായി മുന്നിൽ നിൽപ്പുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഭൂപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകുമെന്നും വലിയ രീതിയിലുള്ള ആലോചനകൾ വേണമെന്നുമുള്ള നിർദ്ദേശമാണ് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ മുന്നോട്ടുവെക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ തുടക്കത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണ് ബംഗാൾ ഘടകത്തിന്റേത്. കേരളഘടകം പൂർണമായും പിന്തുണക്കുന്നുണ്ട്. എന്നാൽ കെ-റെയിൽ വിഷയത്തിൽ വ്യക്തമായ അഭിപ്രായം സി.പി.എം. കേന്ദ്രനേതൃത്വം പറഞ്ഞിട്ടില്ല. സാമൂഹികാഘാത പഠനം പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നാണ് കഴിഞ്ഞദിവസം ചോദ്യമുയർന്നപ്പോഴും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.
അതേസമയം, എതിർപ്പുണ്ടാവാതെ കെ-റെയിൽ വിഷയത്തിൽ നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പിന്തുണയുറപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിനായി ആഗോളീകരണത്തിനും കോർപ്പറേറ്റ് വത്കരണത്തിനും എതിരേ പോരാടുകയും ഒപ്പം ബദലുകൾ അവതരിപ്പിക്കുകയുമാണ് കേരളത്തിലെ പാർട്ടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ ഓർമിപ്പിക്കുകയാണ് ചെയ്തത്.
Content Highlights: Bengal leaders have a different opinion about the silver line project
Published: 07 Apr 2022, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented