അജപാലകവൃന്ദത്തിലെ ഓക്‌സിയോസ്


ലിജോ ടി.ജോര്‍ജ്

Baselios Marthoma Paulose II Catholica Bava
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

ലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍ ദൈവത്തില്‍ ഞാന്‍ എല്ലാം അര്‍പ്പിക്കുകയാണ്. പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് അജഗണങ്ങളെ നയിക്കാന്‍ മണ്‍കൂടാരമായ എന്നെ യോഗ്യനാക്കണേ.'' പരുമല പള്ളിയില്‍ വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 91-ാമത്തെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക പറഞ്ഞ വാക്കുകളാണിത്. ദൈവത്തിലുള്ള ശരണവും വിശ്വാസവും വിളിച്ചോതുന്ന അതേ വാക്കുകളാണ് കാതോലിക്ക ബാവയുടെ ജീവിതത്തിലുടനീളം നിഴലിക്കുന്നത്.

ഓക്‌സിയോസ് എന്ന ഗ്രീക്ക് പദത്തിന് യോഗ്യന്‍ എന്നാണ് അര്‍ഥം. ഓര്‍ത്തഡോക്‌സ് സഭകളില്‍ മേല്‍പ്പട്ട സ്ഥാനാരോഹണച്ചടങ്ങുകളില്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നവരെ സഹകാര്‍മികര്‍ സിംഹാസനത്തിലിരുത്തി മൂന്നുതവണ ഉയര്‍ത്തി താഴ്ത്തി ഓക്‌സിയോസ് എന്നു ചൊല്ലിയതിന് ശേഷമാണ് അധികാരം കൈമാറുന്നത്. എല്ലാ അര്‍ഥത്തിലും സഭയെ നയിക്കാന്‍ യോഗ്യനായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവ.

കുന്നംകുളത്തെ മാങ്ങാട് ഗ്രാമം സ്‌നേഹത്തോടെ പാവുട്ടി എന്നു വിളിച്ചിരുന്ന ബാലന്‍. ബഥനി ആശ്രമത്തിന്റെ ചാപ്പലിലേക്ക് കൈയില്‍ രണ്ടു മെഴുകുതിരിയുമായി നിത്യവും പ്രാര്‍ഥനയ്ക്ക് പോയിരുന്ന പാവുട്ടിയുടെ മുഖം ഇന്നും പഴയ തലമുറയില്‍പ്പെട്ട പലരുടെയും മനസ്സിലുണ്ട്. പന്ത്രണ്ടാമത്തെ വയസ്സില്‍ വിശുദ്ധ മദ്ബഹായില്‍ ശുശ്രൂഷകനായ ആ ബാലന്‍ പിന്നീട് വിശ്വാസ തീക്ഷ്ണതയുള്ള വൈദികനായി. കാലക്രമേണ 1985 മേയ് 15-ന് കെ.ഐ. പോള്‍ എന്ന ആ വൈദികന്‍ പൗലോസ് മാര്‍ മിലിത്തിയോസായി. കുന്നംകുളത്തെ പള്ളികളെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിനായി. 2010-ല്‍ കുന്നംകുളത്തിനപ്പുറം രാജ്യത്തിനകത്തും പുറത്തുമായി 21 ഭദ്രാസനങ്ങളായി വ്യാപിച്ചുകിടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ നയിക്കാനുള്ള നിയോഗവും മാര്‍ മിലിത്തിയോസിനെ തേടി വന്നു. അങ്ങനെ അദ്ദേഹം പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയായി. മലങ്കര സഭയുടെ വലിയ ഇടയനായി.

ധിഷണാശാലിയായ ഭരണാധികാരി

ജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്ന പൗലോസ് ദ്വിതീയന്‍ ബാവ സഭയെ നേര്‍വഴിക്ക് നയിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. കൃത്രിമത്വമില്ലാത്ത സംഭാഷണശൈലിയും സത്യസന്ധമായ പ്രതിപാദന രീതിയും അദ്ദേഹത്തിന്റെ ജീവിതത്തിലെ സുതാര്യതയാണ് വ്യക്തമാക്കുന്നത്. ജീവിതത്തില്‍ ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തണമെന്ന പാഠം അദ്ദേഹം ബാല്യത്തിലേ ശീലിച്ചിരുന്നു. സഭയുടെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്ക് സുതാര്യത എപ്പോഴും വേണമെന്ന ചിന്താഗതിക്കാരനാണ് കാതോലിക്കാ ബാവ. ഈ നിലപാട് അദ്ദേഹത്തിന്റെ ഭരണത്തിലുടനീളം പ്രകടമാണ്.

പള്ളികളുടെ ഉടമസ്ഥതാവകാശത്തെച്ചൊല്ലി യാക്കോബായ വിഭാഗവുമായി ദീര്‍ഘനാളായി നടന്നിരുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് സുപ്രീം കോടതി തീര്‍പ്പു കല്പിക്കുന്നത് ബാവയുടെ കാലത്താണ്. ഓര്‍ത്തഡോക്‌സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണം എന്ന കോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയോടു പോലും ഓര്‍ത്തഡോക്‌സ് മുഖംതിരിച്ചു നിന്നതിന് പിന്നില്‍ ബാവയുടെ നിലപാടിലെ കാര്‍ക്കശ്യത്തിന്റ ഭാവമുണ്ടായിരുന്നു. ''ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്. എല്ലാം നന്നായി വരണമെന്നാണ് എപ്പോഴും പ്രാര്‍ഥിക്കുന്നത്. സഭാതര്‍ക്കത്തിലും പുലര്‍ത്തുന്നത് അതേ നിലപാടാണ്. തര്‍ക്കം തീരണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. ക്രൈസ്തവ വിശ്വാസം പ്രത്യാശയിലധിഷ്ഠിതമാണ്. പിറവിയും ഉയിര്‍പ്പുമെല്ലാം ആ പ്രത്യാശയാണ് പകരുന്നത്. പ്രത്യാശയില്ലെങ്കില്‍ ക്രിസ്തീയ ജീവിതമില്ല. രാജ്യത്തെ നിയമത്തിനും കോടതി വിധികള്‍ക്കും വിധേയമാകാന്‍ തയ്യാറായാല്‍ത്തന്നെ പ്രശ്നപരിഹാരത്തിന് വഴിതെളിയും.''

ബാവയുടെ വാക്കുകളില്‍ അദ്ദേഹത്തിന്റെ നിലപാടിലെ കാര്‍ക്കശ്യം വ്യക്തമാണ്.

സഭയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഇതേ നിലപാട് വ്യക്തമാണ്. സഭയിലെ ചില വൈദികരുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ ആരോപണ വിധേയരെ തത്സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്നതിലും ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിലും അദ്ദേഹം ആര്‍ജവം കാട്ടി. മാത്രമല്ല, വൈദികര്‍ ആത്മപരിശോധനയ്ക്ക് വിധേയരാകണമെന്നും തുറന്നടിച്ചു. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗത്തില്‍ വൈദികര്‍ക്ക് നിയന്ത്രണരേഖയും അദ്ദേഹം ഏര്‍പ്പെടുത്തി.

രാഷ്ട്രീയത്തെ മതത്തിന് പുറത്തുനിര്‍ത്തിയ ഇടയന്‍

തികഞ്ഞ ഇടതുപക്ഷ സഹയാത്രികനെങ്കിലും തന്റെ രാഷ്ടീയ നിലപാടുകള്‍ സഭാഭരണത്തില്‍ അദ്ദേഹം കൂട്ടിക്കലര്‍ത്തിയിട്ടില്ല. മതവും രാഷ്ട്രീയവും വേറിട്ട് നില്‍ക്കേണ്ടവയാണെന്നാണ് എന്നും വാദിച്ചത്. 'മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതങ്ങളെ ഉപയോഗിക്കുന്നതും അപകടകരമാണ്. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും.

രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാവില്ല'' -ബാവയുടെ വാക്കുകളില്‍ മതങ്ങള്‍ അതിന്റ സ്വത്വം വിട്ട് സമ്മര്‍ദ ശക്തികളാകുന്നതിലെ ആശങ്ക വ്യക്തമായിരുന്നു.

രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി സഭയെ ബലികൊടുക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറല്ലായിരുന്നു. സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ ഇടതു-വലതു സര്‍ക്കാരുകള്‍ അലംഭാവം കാട്ടുന്നുവെന്ന് മുഖംനോക്കാതെ ഏതു വേദിയിലും അദ്ദേഹം വിമര്‍ശിച്ചു. കക്ഷി രാഷ്ട്രീയ നിലപാടിനൊപ്പം സഭ നീങ്ങാന്‍ ബാവ അനുവദിച്ചിരുന്നില്ല. എന്നാല്‍, ഓരോ വിഷയത്തിലുമുള്ള ശക്തമായ നിലപാടുകളും തുറന്നുകാട്ടി. ദരിദ്രരുടെയും ദുര്‍ബലരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് തന്റെയും സഭയുടെയും നിലപാട്. യേശുക്രിസ്തു തുടങ്ങിവെച്ച ദൗത്യനിര്‍വഹണമതാണ്.

സഭയ്ക്കും സമൂഹത്തിനും പ്രയോജനകരമായ കാര്യങ്ങള്‍ ഏത് സര്‍ക്കാര്‍ ചെയ്താലും കക്ഷിരാഷ്ട്രീയം നോക്കാതെ അതിനെ അഭിനന്ദിക്കും. ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കാവലാളാകാന്‍ ഒരിക്കലും സഭ തയ്യാറല്ലെന്നും ബാവ ഓര്‍മപ്പെടുത്തുമായിരുന്നു.

പൈതൃകത്തെ സ്‌നേഹിച്ച ഇടയന്‍

തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യത്തിന്റ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാക്രമം, കൂദാശകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരിക്കലും ബാവ തയ്യാറായിരുന്നില്ല.

പൗരസ്ത്യ ആരാധനയുടെ സൗന്ദര്യത്തെ എന്നും മികവുറ്റതാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

വിവിധ കാലങ്ങളില്‍ ഇതര സഭകളുമായി വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും സുറിയാനി പാരമ്പര്യത്തില്‍നിന്നുള്ള ധാരണകളായിരുന്നു അവ.

ഭാരതീയ പൈതൃകം, ദര്‍ശനം, തത്ത്വചിന്ത എന്നിവയില്‍ അതീവ താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷയെപ്പറ്റി അന്താരാഷ്ട്ര വേദികളില്‍പോലും ബാവ സംസാരിച്ചിരുന്നു. ''ക്രൈസ്തവ സഭകളും വിശ്വാസികളും ഏറ്റവും സുരക്ഷിതമായി കഴിയുന്ന നാടാണ് ഇന്ത്യ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും മതപീഡനം നേരിടേണ്ടി വന്നിട്ടില്ല. ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ വരുന്നതിന് മുമ്പുതന്നെ എത്ര സഹിഷ്ണുതയോടെയാണ് ക്രൈസ്തവവിശ്വാസം ഇവിടെ സ്വീകരിക്കപ്പെട്ടതും പുലര്‍ന്നതും.'' -നൂറ്റാണ്ടുകളായി ഭാരതം നല്‍കുന്ന കരുതല്‍ ബാവയുടെ വാക്കുകളില്‍ വ്യക്തമാണ്.

Content Highlight: Baselios Marthoma Paulose II Catholica Bava

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022

Most Commented