മല്ലപ്പള്ളി: ഇളംചുണ്ടിലെ പാൽമധുരം മായുംമുൻപ് അഞ്ചുപേരുടെ ജീവനായി മാറുകയാണ് ആലിൻ ഷെറിൻ എബ്രഹാം. മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ വീട്ടിൽ ആ കൊഞ്ചലും കളിചിരിയും ഇനിയില്ല. എന്നാൽ അവളുടെ കണ്ണുംകരളും ഹൃദയവും വൃക്കയും അറിയപ്പെടാത്ത ആരുടെയൊക്കെയോ ജീവിതത്തിന് നിറവും നിനവുമേകും.

To advertise here,

കോഴഞ്ചേരി മലയാറ്റൂർ കുടുംബാംഗം മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകളാണ് ആലിൻ ഷെറിൻ എബ്രഹാം. ഇതുവരെ നെഞ്ചോടുചേർത്ത പൊന്നുമോൾ ഒന്നാംപിറന്നാളിന് ഇനിയും മൂന്നുമാസം ബാക്കിനിൽക്കെ യാത്രയായപ്പോൾ സങ്കടക്കടലിലായിരുന്നു ഇരുവരും. അപകടത്തിൽപ്പെടുമ്പോൾ കാറിന്റെ പിന്നിലെ സീറ്റിൽ അമ്മൂമ്മയുടെ മടിയിൽ സുഖനിദ്രയിലായിരുന്നു. എട്ടാം നാൾ ആ കുഞ്ഞുജീവൻ പറന്നകന്നപ്പോൾ നൊമ്പരത്തിനിടയിലും മറ്റുള്ളവരെക്കുറിച്ച് കരുതാൻ മാതാപിതാക്കൾ മനസ്സുവെച്ചു.

സി.എസ്.ഐ. സിനഡ് അംഗവും മധ്യകേരള മഹായിടവക നിർവാഹകസമിതി അംഗവുമാണ് അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്ന അരുൺ. ചെങ്ങരൂർ മാർ സെവേറിയോസ് ബി.എഡ്. ട്രെയിനിങ് കോളേജ് അധ്യാപികയാണ് ഷെറിൻ. പേരക്കുട്ടിയുടെ അവയവങ്ങൾ ദാനംചെയ്യാനുള്ള ഏക മകന്റെയും മരുമകളുടെയും തീരുമാനം ഹൃദയത്തിൽ തൊടുന്നതായെന്ന് അരുണിന്റെ അച്ഛനും മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ റെജി ശാമുവേൽ പറഞ്ഞു. വിരൽപിടിച്ച് പിച്ചവെക്കാൻ തുടങ്ങിയ കുഞ്ഞുമോളെ അഞ്ചുപേരിലൂടെ ഇനിയും കാണാനാവുമെന്ന പ്രത്യാശ ഈ കുടുംബത്തെ മുന്നോട്ട് നയിക്കും. ഇവരുടെയെല്ലാം മനസ്സിൽ ആലിൻ ഇനിയും ജീവിക്കും.

ആലിന്റെ അവയവങ്ങളെത്തി രണ്ട് കുരുന്നുകൾക്ക് പുതുജീവനേകാൻ

തിരുവനന്തപുരം: തലസ്ഥാനത്തെ ആശുപത്രികളുടെ ഓപ്പറേഷൻ തിയേറ്ററിൽ രണ്ട് കുരുന്നുകൾ ആലിൻ എന്ന കുഞ്ഞിന്റെ ജീവന്റെ തുടിപ്പ് കാത്തുകിടന്നു. കരൾരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞും വൃക്കകൾ തകരാറിലായ പത്തുവയസ്സുകാരിയും. കിലോമീറ്ററുകൾ താണ്ടിയെത്തിയ കെ.എൽ. 07 ഡി.എഫ്. 3177 എന്ന ആംബുലൻസിൽ ആലിന്റെ അവയവങ്ങൾ എത്തിച്ചയുടൻ രാത്രി 10.45-ഓടെ അവ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കു തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി.

വെള്ളിയാഴ്ച രാത്രി 10.30-നാണ് അവയവങ്ങളുമായി ആംബുലൻസ് കിംസ് ആശുപത്രിയിലെത്തിയത്. നിമിഷങ്ങൾ പാഴാക്കാതെ ഡോക്ടർമാരടങ്ങുന്ന സംഘം അവയവവുമായി ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഹൃദയവാൽവും കരളും വൃക്കയും ഒരാശുപത്രിയിൽനിന്നു മറ്റൊന്നിലേക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് എത്തിച്ചത്. 10.36-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും 10.40-ന് ശ്രീചിത്രയിലേക്കും അവയവങ്ങളെത്തിച്ചു.

കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നൽകി. ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും കുട്ടിയുടെ നേത്രപടലം കൊച്ചി അമൃതാ ആശുപത്രിയിലെ നേത്ര ബാങ്കിലേക്കുമാണ് കൈമാറിയത്.

കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള ദൃയ എന്ന കുഞ്ഞിനാണ് കരൾ നൽകുന്നത്. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള പത്തുവയസ്സുകാരിയിലേക്ക് ആലിന്റെ രണ്ട് വൃക്കകളും ചേർത്തുവയ്ക്കും. ചെറിയ പ്രായമുള്ള കുട്ടിയായതിനാൽ ഒരു വൃക്ക മാത്രം മതിയാവില്ലെന്ന വിദഗ്ധ ഡോക്ടർമാരുടെ നിർദേശമാണ് രണ്ട് വൃക്കകളും ഒരു കുട്ടിക്കുതന്നെ നൽകാനുള്ള തീരുമാനത്തിനു പിന്നിൽ. മസ്തിഷ്‌കമരണം സംഭവിച്ച കുഞ്ഞിൽനിന്നു കരൾ ആദ്യമായാണ് മറ്റൊരു കുട്ടിക്ക് മാറ്റിവയ്ക്കുന്നത്. ചെറിയ കുട്ടിക്ക് ഒന്നിച്ച് രണ്ട് വൃക്കകളും മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. ഹൃദയവാൽവും നേത്രപടലങ്ങളും സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്നതാണ്. അതിനാൽ പിന്നീട് യോജിക്കുന്ന സ്വീകർത്താവിനെ കണ്ടെത്തി നൽകും.

ദൃയയ്ക്കു സഹായം നൽകാം

:ആലിന്റെ കരൾ മാറ്റിവെച്ച ആറുമാസം പ്രായമുള്ള ദൃയയുടെ ചികിത്സയ്ക്കു സഹായം നൽകാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിനു കരൾമാറ്റിവയ്ക്കലിന്റെ ചികിത്സാച്ചെലവുകൾ താങ്ങാവുന്നതിനപ്പുറമാണ്. അച്ഛൻ ജി. ബൈജുകുമാറിന്റെയും അമ്മ എസ്.എസ്. വിദ്യയുടെയും പേരിൽ ഫെഡറൽ ബാങ്ക് നെയ്യാറ്റിൻകര ശാഖയിലെ അക്കൗണ്ടിലേക്ക് തുക കൈമാറാം. അക്കൗണ്ട് നമ്പർ: 14400100190129, ഐ.എഫ്.എസ്.സി.- FDRL0001440.