
പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിൽ നടന്നത് തട്ടിപ്പാണെന്ന സംശയം ബലപ്പെടുന്നു.
സംഗമം നടന്ന ദിവസം രാവിലെ എട്ടരയ്ക്ക് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ഒരു മണിക്കൂർ മുമ്പ് ഈ സംഗീതപരിപാടി അവസാനിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് ചെയ്ത കണക്കിൽ കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജൻസിന്റെ പേരാണ്. രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് കലാപരിപാടിക്ക് അയ്യപ്പസംഗമത്തിനു മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് എട്ടു ലക്ഷം രൂപ നന്ദഗോവിന്ദം ഭജൻസിന് കൊടുത്തു എന്ന വസ്തുതയാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിന്റെ പ്രവർത്തകർ വ്യക്തമാക്കി. പരിപാടി അവതരിപ്പിച്ച ഇഷാൻദേവിന്റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുമില്ല.
ഓഡിറ്റ് റിപ്പോർട്ടും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും ഇപ്പോൾ ഹൈക്കോടതിയിലുണ്ട്. നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ലെഴുതിയതടക്കമുള്ള ക്രമക്കേടുകൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടിവരും. ഫെബ്രുവരി 27-നകം ഇത് നൽകണമെന്നാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റീസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് വി. ജയകുമാർ എന്നിവർ കഴിഞ്ഞദിവസം ഉത്തരവിട്ടത്. ദേവസ്വം ബോർഡ് സ്വകാര്യ ഏജൻസിയെക്കൊണ്ടാണ് ഓഡിറ്റിങ് നടത്തിയത്. നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എഴുതിയ ബില്ല് ഓഡിറ്റ് ഏജൻസിക്ക് ദേവസ്വം ബോർഡിൽ നിന്ന് നൽകിയില്ലെങ്കിൽ റിപ്പോർട്ടിൽ ഇത് കടന്നുകൂടില്ലെന്ന് ഉറപ്പാണ്.
സംഗമത്തിലെ സെഷനുകൾ കഴിഞ്ഞ ശേഷം വൈകിട്ട് നാലരയോടെ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാർ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാൽ ഇതിന്റെ ചെലവ് കണക്കുകളില്ല. ഇവർ സൗജന്യമായാണ് പരിപാടി നടത്തിയതെന്നാണ് ദേവസ്വവുമായി ബന്ധപ്പെട്ടവർ നൽകിയ വിവരം.
Content Highlights: ₹8 lakh bill for a non-existent `Nandagovindam Bhajans` at the Global Ayyappa Sangamam. Uncover the details of this financial discrepancy. Read now!
Published: 13 Feb 2026, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented