പത്തനംതിട്ട: മന്ത്രി പറയുന്നു 36 ലക്ഷം. മുൻ പ്രസിഡന്റിന്റെ കണക്കിൽ 31 ലക്ഷം. ഹൈക്കോടതിയിൽ കൊടുത്ത ഓഡിറ്റ് റിപ്പോർട്ടിൽ എട്ടുലക്ഷം. അയ്യപ്പസംഗമത്തിലെ കലാപരിപാടികളുടെ പുറത്തുവരുന്ന കണക്കുകളിലാണ് ഇത്തരം കാര്യങ്ങൾ. രണ്ട്‌ ഗാനമേളയാണ് അയ്യപ്പസംഗമത്തിന് നടത്തിയത്. ലക്ഷങ്ങൾ കണക്കുകളിലുണ്ടെങ്കിലും പാടിയവർക്ക് കിട്ടാൻ ഇനിയും 18 ലക്ഷം.

To advertise here,

ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് 36 ലക്ഷം രൂപ അയ്യപ്പസംഗമത്തിന് സംഗീതപരിപാടികൾക്ക് ചെലവായതായി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കണക്കുകളിലെ പൊരുത്തക്കേടുകൾ പുറത്തുവന്നപ്പോൾ സംഗമം നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഒരു കണക്ക് പുറത്തുവിട്ടിരുന്നു. അതാണ് യാഥാർഥ കണക്കെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അതിൽ കലാപരിപാടികൾ എന്നയിനത്തിൽ പറഞ്ഞിരിക്കുന്നത് 31 ലക്ഷം എന്നാണ്. എന്നാൽ ഹൈക്കോടതിയിൽ കൊടുക്കുന്നതിന്‌മുമ്പ് ദേവസ്വം ബോർഡ് തിരുവനന്തപുരത്തെ വിജയൻ അസോസിയേറ്റ്‌സിനെക്കൊണ്ട് ഓഡിറ്റ് ചെയ്ത കണക്കുകളിൽ സാംസ്കാരിക പരിപാടി എന്ന ഇനത്തിൽ എട്ടുലക്ഷം മാത്രമാണ് കാണിച്ചിരുന്നത്. അതിലാണ് നന്ദഗോവിന്ദം ഭജൻസാണ് പരിപാടി നടത്തിയത് എന്ന് പറഞ്ഞിരുന്നത്. എട്ടു ലക്ഷമായിരുന്നെങ്കിലും രണ്ടുലക്ഷം മാത്രമാണ് കൊടുത്തതെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ നന്ദഗോവിന്ദം എന്നത് തെറ്റി എഴുതിയതാണെന്നും ഇഷാൻ ദേവിന്റെ നേതൃത്വത്തിലുള്ള ഭക്തിഗാന സദസ്സായിരുന്നു എന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. അതിന് എട്ടു ലക്ഷം രൂപയായെന്നും ആ തുക ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നുമാണ് ദേവസ്വം ബോർഡ്‌ പി.ആർ.ഒ. ഇറക്കിയ പത്രക്കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ, മന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കിൽ ഇഷാൻദേവിന് നാലുലക്ഷമേ കൊടുത്തിട്ടുള്ളൂ എന്ന് വ്യക്തമാക്കി.

വിജയ് യേശുദാസും വീരമണിരാജുവും സുദീപ്കുമാറും ചേർന്ന് നടത്തിയ ഗാനമേളയ്ക്കാണ് 28 ലക്ഷം രൂപ ചെലവായതായി മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിൽ ഈ തുകയെക്കുറിച്ചോ, ഇങ്ങനൊരു പരിപാടിയെക്കുറിച്ചോ പരാമർശവുമുണ്ടായിരുന്നില്ല. മന്ത്രിയുടെ കണക്കുപ്രകാരം വിജയ് ശേുദാസിനും സംഘത്തിനും ഇനി 14 ലക്ഷം കൊടുക്കാനുണ്ട്. അങ്ങനെയാണ് മൊത്തം കൊടുക്കാനുള്ളത് 18 ലക്ഷമാകുന്നത്.

റിഹേഴ്‌സലിനും ചെലവ് ദേവസ്വംവക

നന്ദഗോവിന്ദം ഭജൻസാണ് കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ തുക വാങ്ങുന്ന ഭക്തിഗാന ട്രൂപ്പ്. ഏഴുമുതൽ 10 ലക്ഷം വരെയാണ് അവരുടെ നിരക്ക്. എന്നാൽ, പമ്പയിൽ പാടിയ ഇഷാൻദേവ്‌ സംഘത്തിന്റെ അഞ്ചുദിവസത്തെ താമസത്തിന്റെയും റിഹേഴ്‌സലിന്റെയും ചെലവ് ദേവസ്വം വഹിച്ചു. വിജയ് യേശുദാസിന്റെ പരിപാടിക്ക് രണ്ടുദിവസത്തെ താമസവും റിഹേഴ്‌സൽ ചെലവുമായിരുന്നു ദേവസ്വം വക.