കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ നേരിട്ട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്.

To advertise here,

ഇതിന്റെ ഭാഗമായി, ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമായ വിജയൻ അസോസിയേറ്റ്‌സാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ കേസിൽ കോടതി കക്ഷിചേർത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും നേരിട്ട് ഹൈക്കോടതിക്ക് കൈമാറാനാണ് ഇപ്പോൾ ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.

കണക്കുകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം പരിഗണിച്ച കോടതി, അവശേഷിക്കുന്ന രേഖകൾ ഉടൻ കൈമാറാൻ ഉത്തരവിട്ടു. പൊതുസമൂഹത്തിൽ ഉയർന്നുവന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.