കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവിലിലിരുന്നുകൊണ്ട് തന്നെ പിടിക്കാനായി പോലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ചിരുന്ന ഇയാൾക്കെതിരെ മൂന്ന് കേസുകളാണുള്ളത്. അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുവരും.

To advertise here,

പുലർച്ചെ രണ്ട് മണിയോടെയാണ് അർജുൻ ആയങ്കി പിടിയിലായത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. 

സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ പ്രകോപനം തുടർന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്.

കഴിഞ്ഞദിവസം ഇയാൾ തൃശ്ശൂരിൽ ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ആയങ്കിയുടെ സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടേക്കും തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് തിരച്ചിൽ നടത്തുന്ന സമയത്തുതന്നെ താൻ താൻ ഇന്നയിടത്ത് ഉണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാൾ അവകാശപ്പെടുകയും ചെയ്തത് പോലീസിന് നാണക്കേടായിരുന്നു.