കണ്ണൂർ: നാലുവർഷത്തിനുശേഷം നടന്ന പുനഃസംഘടനയിൽ അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. മോദിപ്രശംസയുടെ പേരിൽ സി.പി.എമ്മും കോൺഗ്രസും പുറത്താക്കിയതോടെയാണ് എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിൽ എത്തിയത്. പാർട്ടി ഇരുകൈയും നീട്ടി സ്വീകരിച്ച അബ്ദുള്ളക്കുട്ടിയെ സംസ്ഥാന പുനഃസംഘടനയിൽ സംസ്ഥാന ഉപാധ്യക്ഷനാക്കി. പിന്നീട് ബി.ജെ.പി. സംസ്ഥാനനേതൃത്തെ ഞെട്ടിച്ച് അഖിലേന്ത്യാ ഉപാധ്യക്ഷനായി.

To advertise here,

അബ്ദുള്ളക്കുട്ടിപോലും ഇത്തരത്തിലൊരു പദവി പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. സി.പി.എമ്മിലോ കോൺഗ്രസിലോ ആയിരുന്നെങ്കിൽ ഇത്തരമൊരു പദവി ലഭിക്കുമായിരുന്നില്ലെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ബി.ജെ.പി.യിലേക്ക് അടുപ്പിക്കുക എന്ന ദൗത്യമായിരുന്നു അബ്ദുള്ളക്കുട്ടിക്ക് പാർട്ടി നൽകിയത്. എന്നാൽ ബി.ജെ.പി. അഖിലേന്ത്യാനേതാക്കൾ ആഗ്രഹിച്ച രീതിയിൽ മുസ്ലിം സമുദായത്തിൽനിന്ന് പാർട്ടിയിലേക്ക് ആളുകൾ എത്തിയില്ലെന്ന് സംസ്ഥാനനേതൃത്വംതന്നെ കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ബി.ജെ.പി.യെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാൻ അബ്ദുള്ളക്കുട്ടിയുടെ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലുമുണ്ട്.

ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ അബ്ദുള്ളക്കുട്ടി ആ പദവികൊണ്ട് പാർട്ടിയുടെ രാജ്യത്തെതന്നെ മുൻനിരനേതാക്കളിൽ ഒരാളായി വളർന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻപദവി അദ്ദേഹത്തെ തേടിയെത്തി. സി.പി.എമ്മിൽനിന്നും കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട ഒരു നേതാവ്, രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രധാന ഭാരവാഹിയായി പെട്ടെന്ന് ഉയർന്നത് എങ്ങനെയെന്ന് ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കൾക്ക് ഇപ്പോഴും അറിയില്ല. സി.പി.എമ്മിന്റെ എം.പി.യും കോൺഗ്രസിന്റെ എം.എൽ.എ.യും ആയിരുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പി.യുടെ മുസ്ലിം മുഖമാണ്.

സി.പി.എമ്മിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച അബ്ദുള്ളക്കുട്ടി 2009 മുതൽ കോൺഗ്രസിലായിരുന്നു. 2019-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നു. സി.പി.എമ്മിൽ ആയിരിക്കുമ്പോൾ, 1999-ലു 2004-ലും കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2009-ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസനമാതൃകയെ അദ്ദേഹം പ്രശംസിച്ചതിനാൽ പാർട്ടിയിൽനിന്ന് പുറത്താക്കി.

അതേവർഷംതന്നെ അദ്ദേഹം കോൺഗ്രസിൽ ചേരുകയും കണ്ണൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിക്കുകയും ചെയ്തു. 2011-ൽ വീണ്ടും മത്സരിച്ച് വിജയിച്ചെങ്കിലും 2016-ലെ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽനിന്ന് പരാജയപ്പെട്ടു. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഭാവി അനിശ്ചിതത്വത്തിലായി. തുടർന്ന് ബി.ജെ.പി.യിൽ ചേരുകയായിരുന്നു.