ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീം കോടതി വിധിച്ചു. ലഹരിമരുന്ന് കേസിലെ പ്രതിയെ തൊണ്ടിമുതൽ മാറ്റി രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള കേസ്.
അടുത്ത മാസം 20-ന് ആന്റണി രാജു കോടതിയിൽ ഹാജരാകണം. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതിയുടെ വിധി അബദ്ധമാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. വിധിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ആന്റണി രാജു പറഞ്ഞു.
കേസിന്റെ നാൾവഴി ഇങ്ങനെ
1990-ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. അന്വേഷണത്തിന് ശേഷം പോലീസ് കുറ്റപത്രം സമർപ്പിച്ചു. അതേ വർഷം തന്നെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു.
പ്രശസ്ത അഭിഭാഷകയായ സെലിന് വില്‍ഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തൊറ്റു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന് ഉത്തരവിറക്കി. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.
തൊണ്ടിമുതലിലെ മാറ്റിയ ജട്ടിയും ആനവാല് മോതിരവും
പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന് ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.
ഓസ്ട്രേലിയിലേക്ക് കടന്ന സാൽവദോർ സർവലി അവിടെ ഒരു കൊലക്കേസിൽ പെട്ടു. അവിടെ മെൽബൺ റിമാൻഡ് സെന്ററിൽ തടവിൽ കടക്കുമ്പോൾ ആൻഡ്രൂ, സഹതടവുകാരനോട് കേരളത്തിലെ കേസിൽ, അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം പറയുകയുണ്ടായി. സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. 1996 ജനുവരി 25-ന് രേഖപ്പെടുത്തിയ ഈ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സി.ബി.ഐക്ക് അയച്ചു. സി.ബി.ഐ ഡൽഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരള പോലീസിന് ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. കെ.കെ. ജയമോഹന് ഹൈക്കോടതി വിജിലന്‍സിന് പരാതി നല്കി. യഥാർഥ അടിവസ്ത്രം ജൂനിയർ അഭിഭാഷകൻ ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ എടുത്ത് മാറ്റിയെന്നുമായിരുന്നു പരാതി. മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി.
ആന്റണി രാജു, ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. ഇതിനിടെ ആന്റണി രാജു എം.എല്‍.എ.യായി. 2005-ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐ.ജി.യായിരുന്ന ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചംകണ്ടില്ല. 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.
Content Highlights: Antony Raju should face trial evidence tampering case, Supreme Court
Published: 20 Nov 2024, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented