കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം തിരുവനന്തപുരം സെഷൻസ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

To advertise here,

കേസിൽ കുറ്റക്കാരനെന്ന കണ്ടെത്തൽ മരവിപ്പിച്ചു കിട്ടുക എന്നത് ആന്റണി രാജുവിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അങ്ങനെയെങ്കിൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള അയോഗ്യത മാറിക്കിട്ടുകയും ചെയ്യും. ഇതിന്റെ ഭാഗമായാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. തൊണ്ടിമുതൽ കേസിലെ ശിക്ഷയും കുറ്റക്കാരനെന്ന കണ്ടെത്തിയ ഉത്തരവും മരവിപ്പിക്കണം എന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. 

ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്. കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക് കെ.എസ്. ജോസും മൂന്നുവർഷം തടവ് അനുഭവിക്കണം. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനാൽ ജയിലിലായിരുന്നില്ല.

എന്താണ് തൊണ്ടിമുതൽ കേസ്..?

1990 ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ 61 ഗ്രാം ഹാഷിഷുമായി വിമാനത്താവളത്തിൽ പിടികൂടിയത്. വലിയതുറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആൻഡ്രൂ സാൽവത്തോറിനെ ജില്ലാക്കോടതി 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 1992-ൽ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ ഇയാളെ വെറുതേവിട്ടു. 1992-ൽ ഇന്ത്യ വിട്ട് ഓസ്‌ട്രേലിയയിൽ എത്തിയ ഇയാൾ അവിടെ കൊലക്കേസിൽ അറസ്റ്റിലായി ജയിലിലായി. അവിടെ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് ആന്റണി രാജുവിന് കുരുക്കായത്. ജില്ലാക്കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാർക്കായ ജോസും ചേർന്ന് തിരിമറി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. സഹതടവുകാരൻ ഇത് ഓസ് ട്രേലിയൻ പോലീസിനെ അറിയിക്കുകയും അവർ ഇന്റർപോൾ വഴി കേരളപോലീസിന് വിവരം കൈമാറുകയുമായിരുന്നു.