ആന്റണി രാജുവുമായി ബന്ധപ്പെട്ട കേസില്‍ ഓസ്ട്രേലിയക്കാരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്വലില് അറസ്റ്റിലാകുന്നത് 1990 ഏപ്രിലില്‍. 1991-ലാണ് ആനവാല് മോതിരം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ സമാനമായ രംഗം ആവിഷ്‌കരിച്ചത് തികച്ചും ആകസ്മികമോ?

തൊണ്ടിമുതലിൽ കൃത്രിമത്വം കാട്ടിയെന്ന കേസിൽ മുൻമന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ കണ്ടെത്തൽ 35 വർഷത്തിലധികം പഴക്കമുള്ള കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവരികയാണ്. പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം മാറിയ കേസിൽ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ വെറുതെവിട്ടിരുന്നു. 1994 ൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരമായത്.
കേസിന്റെ ചരിത്രം ഇങ്ങനെയായിരുന്നു, അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണയ്‌ക്കെടുത്തു. ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു. പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്.
ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.
മുകളിൽ പറഞ്ഞതെല്ലാം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ. എന്നാൽ ഇതേ രംഗങ്ങൾ 1991 ൽ പുറത്തിറങ്ങിയ ആനവാൽമോതിരം എന്ന ചിത്രത്തിൽ അതേപടി ആവിഷ്‌കരിച്ചിരുന്നു. 1990 ൽ ഗ്രേഗ് ചാമ്പ്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് കോമിക് ചിത്രം ഷോർട്ട് ടെെമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആനവാൽ മോതിരം ഒരുക്കിയത്. ടി ദാമോദരന്റെ തിരക്കഥയിൽ ജി.എസ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനിവാസൻ, സുരേഷ് ഗോപി എന്നിവരായിരുന്നു പ്രധാനതാരങ്ങൾ.
സിനിമയിലെ രംഗമിങ്ങനെ: ആൽബർട്ടോ ഫെല്ലിനി എന്ന വിദേശ പൗരനെ (ഐറിഷ്-അമേരിക്കൻ നടൻ ഗാവിൻ പക്കാഡ്) സി.ഐ ജെയിംസ് (ശ്രീനിവാസൻ) എസ്.ഐ നന്ദകുമാർ (സുരേഷ് ഗോപി) എന്നിവരടങ്ങുന്ന സംഘം പിടികൂടുന്നു. ചോദ്യം ചെയ്യലിനിടെ അയാളുടെ അടിവസ്ത്രത്തിൽ മയക്കുമരുന്നു കണ്ടെത്തുന്നു.
കേസിന്റെ വിചാരണയിൽ സി.ഐ ജയിംസിനോട് അഭിഭാഷകൻ ചോദിക്കുന്നു, 'അയാൾ ഡ്രോയർ ഉടുത്തിരുന്നോ, അതോ വേറെ എവിടെയെങ്കിലും വച്ചിരിക്കുകയിരുന്നോ?'
സി.ഐ ജയിംസ്- ഉടുത്തിരുന്നു
അഭിഭാഷകൻ- യുവർ ഓണർ, ഉടുത്തിരുന്നു, പ്ലീസ് നോട്ട്, ഹെറോയിൻ കൈവച്ചു എന്ന് പോലീസ് ആരോപിക്കുന്ന ആൽബർട്ടോയ്‌ക്കെതിരേയുള്ള കേസിലെ തൊണ്ടിസാധനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇലാസ്റ്റിക്കുള്ള ഈ ഡ്രോയർ. തത്സമയം ആൽബർട്ടോ ധരിച്ചിരുന്നുവെന്നും ഈ ഡ്രോയർ അഴിച്ചെടുത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ജെയിംസ് പള്ളത്തറയും നന്ദകുമാറും ഈ കോടതി മുൻപാകെ സമ്മതിച്ചതാണ്
(തൊട്ടടുത്ത രംഗത്തിൽ അഭിഭാഷകൻ നീല നിറമുള്ള അടിവസ്ത്രം പുറത്തെടുക്കുന്നു)
എന്നിട്ട് പറയുന്നു, ഈ ഡ്രോയർ മിസ്റ്റർ ആൽബർട്ടോയെ നിങ്ങൾക്ക് ധരിപ്പിക്കാമോ. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തിൽ നിങ്ങൾ ഹാജരാക്കിയ സാധനമാണിത്. പതിനഞ്ച് വയസ്സുകാരന് പോലും പ്രായമാകാത്ത ഈ ഡ്രോയർ ആൽബർട്ടോയെ നിങ്ങൾക്ക് ധരിപ്പിക്കാമോ?
സി.ഐ ജയിംസ് വിയർക്കുന്നു, എന്നിട്ട് പറയുന്നു- ഇത്, ഇത് മാറിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
അഭിഭാഷകൻ. ഐ.ഡോണ്ട് വാണ്ട് യുവർ എക്പ്ലനേഷൻ, ഇത് ആൽബർട്ടോയെ ധരിപ്പിക്കാമോ? ഇല്ലയോ. ടെൽ മി യെസ് ഓർ നോ
സി.ഐ ജയിംസ്- നോ
കോടതി വിധി ഇങ്ങനെ: പ്രതിയുടെ പേരിൽ ആരോപിച്ച കുറ്റകൃത്യം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, തൽകൃത്യത്തിൽ അപഹാസ്യരാകും വിധം പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ആൽബർട്ടോ ഫെല്ലിനിയെ വെറുതെ വിടുന്നു.

യഥാർഥ സംഭവത്തിൽ, 1990 ൽ നടന്ന കേസിൽ ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലിയെ വെറുതെ വിട്ടതിന് പിന്നാലെ കേസിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെ.കെ. ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി. മൂന്ന് വർഷം നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
1991-ൽ പുറത്തിറങ്ങിയ രംഗത്തിൽ സമാനമായ രംഗം ആവിഷ്‌കരിച്ചത് തികച്ചും ആകസ്മികമോ?
അതിനുള്ള ഉത്തരം തേടുകയാണ് ഈ അവസരത്തിൽ. തിരക്കഥാകൃത്ത് ടി. ദാമോദരനാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി. എന്നാൽ, അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ചിത്രത്തിന്റെ സംവിധായകൻ ജി.എസ് വിജയനോട് മുമ്പ് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം നൽകുന്ന മറുപടിയിങ്ങനെ:
'ആനവാൽ മോതിരം ചർച്ചയാകുന്നത് വളരെ കൗതുകമുള്ള കാര്യമാണ്. സമ്പൂർണ തിരക്കഥയുമായാണ് ടി. ദാമോദരൻ സർ ഈ സിനിമയിലേക്ക് കടന്നത്. സിനിമയുടെ ചർച്ചയിൽ ഞാനും ശ്രീനിവാസനും പങ്കെടുക്കുകയും ചില ഭാഗങ്ങൾ ഞങ്ങളുടേതായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ രംഗമെല്ലാം അദ്ദേഹം എഴുതിയത് പോലെ തന്നെയാണ് ചിത്രീകരിച്ചത് എന്നാണ് എന്റെ ഓർമ. അതിന് ഞാൻ പറയുന്ന ഉത്തരം ഇതാണ്, രാഷ്രീയ സിനിമകളുടെ തലതൊട്ടപ്പനാണ് ടി. ദാമോദരൻ സർ. അദ്ദേഹത്തിന് പോലീസിലും രാഷ്ട്രീയത്തിലും പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരങ്ങളായിരിക്കാം അദ്ദേഹത്തെ ഇങ്ങനെ ഒരു രംഗമെഴുതാൻ പ്രേരിപ്പിച്ചത്. അതു തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇന്നത്തെ കാലത്തെപ്പോലെ അന്ന് സമൂഹമാധ്യമങ്ങളൊന്നും ഇല്ലാത്തതിനാൽ വിഷയങ്ങൾ അത്ര പെട്ടന്ന് തീപിടിക്കുകയില്ല. ഇതെല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെങ്കിൽ കേസുമായി ബന്ധപ്പെട്ടവർ പറഞ്ഞിട്ടായിരിക്കണം. ടി ദാമോദരൻ സാറിന് അതിന് മാത്രമുള്ള ബന്ധങ്ങളുണ്ടായിരുന്നു. ഭീരുവായ പോലീസുകാരൻ രോഗിയാണെന്ന് തെറ്റിദ്ധരിക്കുകയും മരണം മുന്നിൽ കണ്ടുകൊണ്ട് അയാൾ ധൈര്യശാലിയായി മാറുന്നതുമാണ് ഈ സിനിമയുടെ പ്രധാന പ്ലോട്ട്. അതിന് തൊട്ടുമുൻപാണ് ആൽബർട്ട് ഫെല്ലിനിയുടെ അറസ്റ്റും കോടതിയിലെ നാടകീയ രംഗങ്ങളും. ഇന്ന് ആനവാൽ മോതിരം ചർച്ചയാകുന്നത് കാണുമ്പോൾ രസകരമായി തോന്നുന്നു'- ജി.എസ് വിജയൻ പറയുന്നു.
Content Highlights: Aanaval Mothiram film, evidence tampering scene, antony raju, sreenivasan, t damodaran, GS Vijayan
Published: 03 Jan 2026, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented