തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി തുലാസിലായി. ശിക്ഷാവിധി വരുന്നതോടെ 2026- ഏപ്രിലിൽ  നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാൻ സാധിക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

To advertise here,

1951-ലെ ജനപ്രാതിനിധ്യ നിയമം ആന്റണി രാജുവിന് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിലവിലെ നിയമസഭയുടെ കാലാവധി കഴിയാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോടതി വിധിക്കുന്ന ശിക്ഷാ കാലാവധി നിർണായകമാകും.

ആൻറണി രാജുവിനെതിരായി ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ രണ്ടു വർഷത്തിന് മുകളിലാണ് ശിക്ഷ ലഭിക്കുന്നതെങ്കിൽ നിലവിലെ എംഎൽഎ സ്ഥാനം നഷ്ടമാകും. മാത്രമല്ല, അടുത്ത ആറ് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുമില്ല. നിലവിൽ പത്ത് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ചാലും ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാകുമെന്ന് ഉറപ്പിക്കാനാവില്ല. ശിക്ഷാവിധി മേൽക്കോടതി സ്റ്റേ ചെയ്താലും അയോഗ്യത മാറില്ല. കാരണം, ശിക്ഷ മാത്രമാണ് സ്റ്റേ ചെയ്യപ്പെടാറുള്ളത്. വിധിക്ക് സ്റ്റേ ലഭിക്കാറില്ല.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആൻറണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി. ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതോടെയാണ് കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചത്.