കേസിലെ രണ്ടും മൂന്നും പ്രതികള് അജ്ഞാതരാണ്

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകി പോലീസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചാണ് നോട്ടീസ്. നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും ആന്റോ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നും 15 വരെ സാവകാശം വേണമെന്നുമാണ് ആന്റോ പോലീസിനോട് ആവശ്യപ്പെട്ടത്.
എന്നാൽ, കൂടുതൽ സമയം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. ഇനിയും ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ നീക്കം. വ്യാജ വിവാഹ ആരോപണം ഉന്നയിച്ചെന്ന കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. രേഖകളുമായി സമീപിച്ചെന്ന് പറയുന്നവർ ആരെന്നതടക്കം ഒട്ടേറെ വിവരങ്ങൾ പോലീസിന് കണ്ടെത്തേണ്ടതായുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ അർജന്റീനിയൻ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലും ആന്റോയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണമെന്ന കേസിലും ആന്റോ പ്രതിയായത്. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.
കെപിസിസി മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി. ഡിജിപി കൈമാറിയ പരാതി, കേസെടുക്കണമെന്ന നിർദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് റിപ്പോർട്ടൽ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആരോപിച്ചിരുന്നു. കോടികൾ വിലയുള്ള വാർത്തയെന്നു പറഞ്ഞാണ് അവർ സമീപിച്ചത്. വാർത്ത നൽകാൻ ഉദ്ദേശിച്ചാണ് അവർ എത്തിയതെങ്കിലും ആധികാരികത ബോധ്യപ്പെടാത്തതിനെത്തുടർന്ന് വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആ വേദിയിൽ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ ഈ യുവാക്കളെ കണ്ടെത്തി അവർക്കെതിരേ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റോയുടെ കൈയിൽ ഇതുസംബന്ധിച്ച രേഖകളുണ്ട്. റിപ്പോർട്ടർ ടി.വി. ഓഫീസിൽ ഇവർ വന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളുമുണ്ട്. അത് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനേയോ സർക്കാരിനേയോ വിവരമറിയിക്കാതിരുന്ന ആന്റോ അഗസ്റ്റിന്റെ നടപടി സംശയാസ്പദമാണെന്നും അതിലും നിയമനടപടി വേണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആന്റോയെ സമീപിച്ച് യുവാക്കൾ നൽകിയ വ്യാജരേഖകൾ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും റിപ്പോർട്ടർ ടി.വി. ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കും പരിശോധനയ്ക്കായി പോലീസിന്റെ കസ്റ്റഡിയിലെടുക്കണമെന്നും രാജു പി. നായർ നൽകിയ പരാതിയിലുണ്ട്.
Content Highlights: Kalamassery police issued a fresh notice to Reporter TV MD Anto Augustine, directing him to appear for interrogation regarding alleged fake marriage allegations against Chief Minister VD Satheesan, refusing further time extensions.
Published: 30 Sept 2026, 09:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented