തൃശ്ശൂര്‍: കോവിഡ് കാലത്ത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് എന്‍.ആര്‍.എച്ച്.എം വഴി ലഭിച്ച 8.19 കോടി രൂപയില്‍ വലിയ കൊള്ളനടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് വിഭാഗവും ചേര്‍ന്നാണ് കൊള്ള നടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച്ഡിഎസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

To advertise here,

കോവിഡിന്റെ മറവില്‍ ഇത്രയും വലിയ കൊള്ള നടത്തുമെന്ന് കരുതിയില്ല. അക്കാലത്ത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ആകെ 3700റോളം മരണമാണ് നടന്നത്. അതില്‍ മൃതദേഹം കവര്‍ ചെയ്യുന്ന കടാവര്‍ ബാഗ് 2000 എണ്ണം സൗജന്യമായി ലഭിച്ചു. ബാക്കിവരുന്ന 1700 എണ്ണത്തില്‍ മെഡിക്കല്‍ കോളേജ് നേരിട്ട് ടെന്‍ഡര്‍ നല്‍കി വാങ്ങിയത് 1000 എണ്ണമാണ്. ഒന്നിന് വില 409 രൂപ. എന്നാല്‍ മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണസംഘം വ്യാജ ബില്‍ നല്‍കി തട്ടിയെടുത്തത് 31 ലക്ഷം രൂപയാണ്. ശവശരീരം മറവ് ചെയ്യുന്ന ബാഗില്‍ വരെ തട്ടിപ്പ് നടത്തുന്ന രീതിയിലേക്ക് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അംഗങ്ങളായ ഭരണസമിതി അധഃപതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.   

ഭക്ഷണം വാങ്ങിയ വകയില്‍ കുടുംബശ്രീക്ക് നല്‍കിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തില്‍ കച്ചവടം ഇല്ലാത്തതിനാല്‍ വാടക ഒഴിവാക്കിത്തരുന്നതിനായി എന്നെ സമീപിച്ചിരുന്നു. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓര്‍ഡര്‍ നല്‍കാതെ ഇവര്‍ ആര്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും അനില്‍ അക്കരെ ചോദിച്ചു.  

മരുന്ന് മുതല്‍ ഓക്‌സിജന്‍ വരെയുള്ള പര്‍ച്ചെയ്സില്‍ കോടികളുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഈ അഴിമതി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി
പരിശോധിച്ചാല്‍ പുറത്ത് വരില്ല. എന്‍ആര്‍എച്ച്എം ഫണ്ടായതുകൊണ്ട് കേന്ദ്ര സര്‍ക്കാരിനും ഈ വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ആയതിനാല്‍ സമഗ്രമായ അന്വേഷണം കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരിട്ട് നടത്തണം. ഇക്കാര്യത്തില്‍സംസ്ഥാന ആരോഗ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.