വെള്ളരിക്കുണ്ട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണ ജോലിക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ബിഎൽഒ കൊന്നക്കാട് മൈക്കയത്തെ എം.ശ്രീജയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം 124ാം നമ്പർ ബൂത്തിലെ ബിഎൽഒ ആണ്. തിങ്കളാഴ്ച രാവിലെ വള്ളിക്കടവ് ഭാഗത്ത് വിവരശേഖരണം നടത്തുന്നതിനിടെ ക്ഷീണിതയായ ഇവർ ജോലി നിർത്തി ഇരുചക്രവാഹനത്തിൽ കൊന്നക്കാട്ടേക്ക് തിരിച്ചുപോയി. ടൗണിലെ കടയിൽനിന്ന്‌ വെള്ളം കുടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് സമീപത്തെ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു.

To advertise here,

മൈക്കയം അങ്കണവാടി അധ്യാപികയായ ശ്രീജ ഡിസംബർ നാലിനകം ജോലി പൂർത്തിയാക്കാനാകുമോയെന്ന ആശങ്കയിലായിരുന്നുവെന്ന് സുഹൃത്തുകൾ പറയുന്നു. ബളാൽ എട്ടാംവാർഡിൽ ദുർഘടമായ മലമ്പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ 1112 വോട്ടർമാരുടെ വിവരമാണ് ശേഖരിക്കേണ്ടിയിരുന്നത്. കഴിഞ്ഞദിവസങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭവനസന്ദർശനം നടത്തിയിരുന്നു.

തിങ്കളാഴ്ച തനിച്ചായിരുന്നു. നാല് വീടുകൾ പൂർത്തിയായശേഷമാണ് ക്ഷീണിതയായത്. റവന്യൂ ഉദ്യോഗസ്ഥർ ആസ്പത്രിയിൽ ശ്രീജയെ സന്ദർശിച്ചു. കഴിഞ്ഞ നാലുദിവസവും ശ്രീജയ്ക്കൊപ്പം വില്ലേജ് ഒാഫീസിലെ ജീവനക്കാരും സഹായത്തിന് പോയതായി വില്ലേജ് ഓഫീസർ ഏലിയാസ് ദാസ് അറിയിച്ചു.

തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ക്ക് ജോലിഭാരം കൂടുതലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സംഭവം.