കോട്ടയം: ഓരോ പാറയും മൺതരികളും ഓരോ പരീക്ഷണ വസ്തുക്കളായിക്കണ്ട്, ഭൂമിയുടെ ഹൃദയത്തുടിപ്പുകൾ അറിഞ്ഞുള്ള അനീഷ് മോഹന്റെ (43) അവസാനയാത്രയും താൻ ഏറെ സ്നേഹിച്ച മണ്ണിലെ കർത്തവ്യനിർവഹണത്തിനിടെ. സിക്കിമിൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ ടണൽ നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുകയും സുരക്ഷിതനിർമിതിക്ക് ആവശ്യമായ ഭൂഗർഭവിവരങ്ങൾ നൽകുകയും ചെയ്യുകയായിരുന്നു ജിയോളജിസ്റ്റായ കോട്ടയം മണർകാട് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹൻ.

To advertise here,

തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കുകളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിച്ച് തൊഴിലാളികൾക്ക് നിർദേശം നൽകുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. ഭൂമിക്കടിയിൽ പാറ തുരക്കുന്നതിനിടെ മീഥെയ്ൻ വാതകച്ചോർച്ച മൂലമുണ്ടാകുന്ന സ്ഫോടനമാണ് തുരങ്കം തകരാൻ കാരണമായതെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

ജിയോളജിസ്റ്റ് എന്നത് വെറുമൊരു ജോലി മാത്രമായിരുന്നില്ല അനീഷിന്. ജിയോളജി എന്ന മേഖലയെ തീവ്രമായി പ്രണയിച്ചിരുന്ന വ്യക്തികൂടിയായിരുന്നു. എൻ.എച്ച്.പി.സി.യിൽ സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്ന അനീഷ് മികച്ച സയൻസ് വ്ലോഗറും എഴുത്തുകാരനുമായിരുന്നു. താൻ അറിയുന്ന വിവരങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ‘സയന്റിഫിക് മലയാളി’ എന്ന പേരിൽ യു ട്യൂബ് ചാനലും തുടങ്ങിയിരുന്നു.

കോട്ടയം നാട്ടകം ഗവ. കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കേ ബാച്ചിൽ 12 സഹപാഠികളാണുണ്ടായിരുന്നത്. ഒരുമിച്ചായിരുന്നു അവരുടെ യാത്രകൾ. ഭൂമിയെയും അതിന്റെ ഘടനയെയും ഏറെ ഇഷ്ടപ്പെട്ട് പഠിക്കുകയും പുതിയ വിവരങ്ങൾ പങ്കിടാൻ ശ്രദ്ധിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അനീഷെന്ന് സഹപാഠി ബിബിൻ പറയുന്നു. താനും അദ്ദേഹവും ഒരുമിച്ചാണ് നാട്ടകം കോളജിലേക്ക്‌ പൊയ്ക്കൊണ്ടിരുന്നത്.

അന്നുമുതലുള്ള ഓർമ്മകളാണ് പാമ്പാടി എട്ടാം മൈൽ സ്വദേശിയായ ബിബിന്റെ മനസ്സിലുള്ളത്. സഹപാഠികളുമായി അനീഷ് ഏറെ അടുപ്പവും പുലർത്തിയിരുന്നു. പഠനശേഷവും സംഘം സുഹൃദ്‍ബന്ധം തുടർന്നുപോന്നു. ബിരുദാനന്തരബിരുദം പൂർത്തിയാക്കി ഐ.എസ്.ആർ.ഒ.യിൽ ഗവേഷണം നടത്തിവരുന്നതിനിടെയാണ് അനീഷ് 2011-ൽ ഹരിയാണയിൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്.

ഇവിടെ ക്വാർട്ടേഴ്സിൽ കുടുംബമായി താമസിച്ചുവരുകയായിരുന്നു. ഏഴ് മാസം മുമ്പാണ് സിക്കിമിലേക്ക്‌ ജോലിക്കായി പോയത്. 

കഥകൾ പറഞ്ഞ് തീരാതെ സയന്റിഫിക്‌ മലയാളി

കോട്ടയം: ‘ഇവിടെ ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ് ‌ഈ അനീഷ്‌ മോഹൻ എന്ന്‌. ചോദ്യം കൊള്ളാം. പക്ഷേ, ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്‌തമാണ്‌. പ്രസക്‌തമായത്‌ കഥകൾ മാത്രമാണ്‌. കഥകൾ...മനുഷ്യന്റെ കഥകൾ...

നിഗൂഢതകൾ ഒളിപ്പിച്ച അസ്‌ഥിപേടകവും ചുമന്ന്‌ നടന്ന്‌ ആ ഇരുകാലി മൃഗം തീർത്ത വിസ്‌മയങ്ങളുടെ കഥകൾ. അവൻ സൃഷ്‌ടിച്ച ദൈവങ്ങളുടെയും ചെകുത്താൻമാരുടെയും കഥകൾ. അവൻ ആകാശവും അതിലെ നക്ഷത്രങ്ങളും അളന്നുതീർത്തതിന്റെ കഥകൾ. അവൻ ചോരപ്പുഴകൾ ഒഴുക്കി ഭൂമിയെ ഋതുമതിയാക്കിയ കഥകൾ... കഥകൾ...ഒരായിരം കഥകൾ.’

യുറ്റ്യൂബിൽ സയന്റിഫിക്‌ മലയാളി എന്ന ചാനൽ ഫോളോ ചെയ്യുന്നവർ ചാനലിനെക്കുറിച്ചുള്ള ഈ വിവരണം വായിച്ചിട്ടുണ്ടാകും. മിലിട്ടറി സാങ്കേതിക വിദ്യയെക്കുറിച്ചും രാജ്യങ്ങളുടെ ആയുധങ്ങളെക്കുറിച്ചുമുള്ള കഥകൾ പങ്കുവെച്ച ആ സയന്റിഫിക്‌ മലയാളി അനീഷ്‌ മോഹനായിരുന്നു.

മനോഹരമായ വിവരണവും ആ ശബ്‌ദവും ഇനിയില്ല. യുദ്ധവിമാനങ്ങൾ, കപ്പലുകൾ, രാജ്യങ്ങളുടെ ആയുധങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകളേറെയും.

ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പലുകൾ, ഇറാന്റെ ആയുധപ്പുര, മിസൈലുകളുടെ രാജാവിന്റെ കഥ, ഇന്ത്യയുടെ പീരങ്കിപ്പട, ഇന്ത്യയുടെ സ്വന്തം ആയുധങ്ങൾ തുടങ്ങി യുദ്ധരംഗത്തെ അറിയാത്ത കഥകൾ ആ ശബ്‌ദത്തിലൂടെ നമ്മൾ അറിഞ്ഞു.

2020 ജൂണിലാണ്‌ അനീഷ്‌ യുറ്റ്യൂബ്‌ ചാനൽ തുടങ്ങിയത്‌. 203 വിഡിയോകൾ. 2.75 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്‌. വീഡിയോകൾ കണ്ടത്‌ 2.87 കോടിയാളുകൾ. 12 ദിവസം മുമ്പാണ്‌ അനീഷ്‌ അവസാനത്തെ വീഡിയോ ചെയ്‌തത്‌.

ശീതയുദ്ധകാലത്ത്‌ അമേരിക്കയുടെ സി.ഐ.എ. അതീവരഹസ്യമായി നടത്തിയ സാഹസികമായ ചാരപ്രവർത്തനത്തിന്റെ കഥയാണ്‌ അന്ന്‌ പങ്കുവെച്ചത്‌. അതിന്റെ താഴെ വേർപാടിന്റെ വേദന പങ്കുവെയ്ക്കുന്ന കമന്റുകൾ നിറയുകയാണ്‌. ഒട്ടേറെ ശാസ്‌ത്രരഹസ്യങ്ങൾ പറയാൻ ബാക്കിവെച്ച്‌ അനീഷ്‌ മടങ്ങി.