തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വലിയ ആനസംഗമത്തിന് കാത്തിരിക്കുകയാണ് വടക്കുന്നാഥക്ഷേത്രം തിരുമുറ്റം. ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി ഇവിടെ നടക്കുന്ന ആനയൂട്ടിൽ 55 ആനകൾ എത്തുമെന്നാണ് പ്രതീക്ഷ. ഇത്രയും ആനകൾ ഒരുമിച്ച് ഒരിടത്തെത്തുന്ന മറ്റൊരുസ്ഥലം കേരളത്തിലില്ല. തൃശ്ശൂർ പൂരത്തിന് നൂറോളം ആനകൾ എത്തുന്നുണ്ടെങ്കിലും ഇവ ഒരുസ്ഥലത്ത് സംഗമിക്കുന്നില്ല. നാട്ടാനകളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവരുന്ന സമയത്താണ് ഇത്തരത്തിലൊരു സംഗമം നടക്കുന്നത്.

To advertise here,

ആടയാഭരണങ്ങളൊന്നുമില്ലാത്ത ആനക്കാഴ്ചക്കാണ് ഇത് വഴിയൊരുക്കുക എന്ന പ്രത്യേകതയും ഉണ്ട്. അകമ്പടിയായി മഴകൂടിവരുമ്പോൾ കാൽപ്പനിക സൗന്ദര്യമായി അതുമാറും. കഴിഞ്ഞതവണ 63 ആനകളാണ് ഊട്ടിനെത്തിയിരുന്നത്. കണ്ണെത്താദൂരത്തോളം നീളുന്ന ആനനിരയും അതിനേക്കാൾ തിങ്ങിനിറഞ്ഞ ആൾക്കൂട്ടവും വേറിട്ട ആരവമാണ് സൃഷ്ടിക്കുക. വാദ്യങ്ങളുടെയോ നെറ്റിപ്പട്ടംപോലുള്ള സ്വർണത്തിളക്കങ്ങളുടേയോ സാനിധ്യമില്ലെന്നതിനാൽ ആഘോഷത്തിന്റെ പുതുമണമായി ഇതുമാറും.

ആനവായിൽ ഒരു ഉരുളച്ചോറോ ഒരു പഴമോ വെച്ചുനൽകാൻ ആരാധകർ തിരക്കുകൂട്ടും. ഏറ്റവും കുരുന്നുമുതൽ വയോധികർവരെ ആനസൗന്ദര്യത്തിനുമുന്നിൽ വിസ്മയം കൊള്ളും. ആനയൂട്ടിനുള്ള ഒരുക്കങ്ങളെല്ലാം വടക്കുന്നാഥക്ഷേത്രത്തിൽ മുറുകിയ താളത്തിൽ മുന്നോട്ടുപോകുകയാണ്. ആനകളെയും ആളുകളെയും  വേർതിരിക്കുന്ന ബാരിക്കേഡുകളുടെ ജോലി പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാനുള്ള റാമ്പിന്റെ പണി പൂർത്തിയായിവരുന്നു. വെള്ളിയാഴ്ച ഒമ്പതിനാണ് ആനയൂട്ട് ആരംഭിക്കുക.

ഫാൻ ബേസുള്ള നിരവധി ഗജവീരൻമാരും ഇവിടെ എത്തും. പുതുപ്പള്ളി കേശവൻ, എറണാകുളം ശിവകുമാർ, പുതുപ്പള്ളി സാധു, ഊക്കൻസ് കുഞ്ചു, പാറമേക്കാവ് കാശിനാഥൻ,കുട്ടംകുളങ്ങര അർജ്ജുനൻ, ബാസ്റ്റിൻ വിനയസുന്ദർ.. ആനയൂട്ടിനുറപ്പാക്കിയ തലപ്പൊക്കങ്ങളുടെ പേരുകൾ ഇങ്ങനെ നീളുന്നു. ഗുരുവായൂർ ദേവസ്വത്തിൽനിന്നുള്ള ആനകളും ആനയൂട്ടിന് ഏത്തുന്നുണ്ട്. തിരുവമ്പാടി ലക്ഷ്മിക്കുട്ടി ഉൾപ്പെടെ ഏഴോളം പിടിയാനകളും ഊട്ടിനെത്തും.

സദ്യവൈവിധ്യം

ആപ്പിൾ, മുന്തിരി, കരിമ്പ്, റോബസ്റ്റ, ചെറുപഴം, തണ്ണിമത്തൽ, കക്കരിക്ക തുടങ്ങി വിഭവസമൃദ്ധമാണ് ആനകൾക്കുള്ള ഊട്ട്. പഴഇനങ്ങൾ ഓരോന്നും 500 കിലോയോളം എത്തിക്കും. 500 കിലോ അരിയുടെ ചോറും നൽകും. ഓരോ ആനക്കും 10 ഉരുളവീതമാണ് നൽകുക. അഷ്ടചൂർണ്ണവും പ്രത്യേക മരുന്നുകളും ചേർത്താണ് നൽകുക. കൂടാതെ പത്തുപട്ടവീതം നൽകും. കൂടാതെ എല്ലാ ആനകൾക്കുമായി രണ്ടായിരം കിലോ പുല്ലും എത്തിക്കുന്നുണ്ട്.

മഹാഗണപതി ഹോമവും

ആനയൂട്ടിന് മുന്നോടിയായി പുലർച്ചെ മഹാഗണപതിഹോമവും നടക്കും. 10008 നാളികേരം, 2000 കിലോ അവിൽ, 2000 കിലോ ശർക്കര, 350 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ എന്നിവ ഉപയോഗിക്കും. കരിമ്പ്, ഗണപതി നാരങ്ങ മുന്തിരി, കൽകണ്ടം, ചുക്ക് പൊടി, ജീരക പൊടി എന്നിവയും ഉപയോഗിക്കും. പുലർച്ചെ അഞ്ചിനാണ് മഹാഗണപതിഹോമം നടക്കുക

സുരക്ഷാ നിർദേശങ്ങളുമായി പോലീസ്

വടക്കുന്നാഥക്ഷേത്രത്തിലെ ആനയുട്ടുമായിബന്ധപ്പെട്ട സുരക്ഷാനിർദേശങ്ങൾ സിറ്റിപോലീസ് പുറത്തിറക്കിയത്. കാൽലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പോലീസ് കരുതുന്നത്. ആന്റി സബോട്ടേജ് ടീം, മെഡിക്കൽ സുരക്ഷ, ഫയർഫോഴ്‌സ്, എലിഫന്റ് സ്‌ക്വാഡ്, എന്നിവയക്കുപുറമേ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഡാൻസാഫ്, സാഗോക്ക് ടീമുകളേയും സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും സിറ്റി പോലീസ് കമ്മീഷർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു. ആനയൂട്ടുദിവസം ക്ഷേത്രപരിസരത്തും തേക്കിൻകാട് മൈതാനത്തിലും ഡ്രോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.