തൃശ്ശൂർ: വടക്കുന്നാഥക്ഷേത്ര കിഴക്കേഗോപുരത്തിൽ നാലുകോടിയോളം രൂപ ചെലവിൽ നടത്തിയ പുതുക്കൽ വെള്ളത്തിലാകാൻ ഒരുകാറ്റുമതി. ഗോപുരത്തോട് ചേർന്ന് അപകടാവസ്ഥയിൽനിൽക്കുന്ന മദിരാശിമരം തന്നെ കാരണം. പുതുക്കൽ അവസാനിച്ച് സമർപ്പണത്തിന് ഒരുങ്ങിനിൽക്കുമ്പോഴാണ് ഈ ഭീഷണി അധികൃതരുടെ ശ്രദ്ധയിൽ പെടാതെ നിൽക്കുന്നത്. കാലവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രമെ ഉള്ളു എന്നത് വെല്ലുവിളി വർധിപ്പിക്കുന്നു.

To advertise here,

കിഴക്കേഗോപുരത്തോട് ആനപ്പള്ള മതിലിലേക്ക് വേരിറക്കിയാണ് ഈ മരത്തിന്റെ നിൽപ്പ്. ആനപ്പള്ള മതിലിനും പുരാവസ്തുപ്രാധാന്യം ഉള്ളതാണ്. മദിരാശിമരമാണ് എന്നതിനാൽ ഉറപ്പ് തീരെ കുറവാകുമെന്നതും ഭീഷണി വർധിപ്പിക്കുന്നു. തേക്കിൻകാട് മൈതാനിയിലേക്ക് ചാഞ്ഞാണ് ഇതിന്റെ നിൽപ്പെങ്കിലും കാറ്റടിക്കുമ്പോൾ എങ്ങോട്ടുവീഴുമെന്ന് ഉറപ്പിക്കാനാവില്ല.

ഇതിന്റെ പല ശിഖരങ്ങളും ഗോപുരത്തിൽ തൊട്ടപോലെയാണ് നിൽക്കുന്നത്. മരമോ മരത്തിന്റെ ശാഖയോ വീഴുന്നത് ഗോപുരത്തിന്റെ അരികുഭാഗത്താണെങ്കിൽകൂടി മൊത്തം നിർമിതിയെ ഇതു തകർക്കും.

അതിവിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെ പുനർനിർമിച്ച നിർമിതിയാണ് ചെറുകാര്യം കൊണ്ട് ഭീഷണി നേരിടുന്നത്. അഞ്ഞൂറുവർഷത്തോളം പഴക്കമുള്ള ഗോപുരം തനിമ കൈവിടാതെയാണ് പുനർനിർമിച്ചിരിക്കുന്നത്.

ഫോറസ്റ്റ് തേക്ക് ഉപയോഗിച്ച് നിർമിച്ച കൊത്തുപണികളും സിമന്റിനു പകരം പ്രത്യേക കുമ്മായമിശ്രിതം ഉപയോഗിച്ച ചുമരുകളുമൊക്കെയാണ് ഇവിടെ പുനർനിർമിച്ചിരിക്കുന്നത്. ഒരുവർഷത്തിലേറെ 25-ൽ അധികം തൊഴിലാളികൾ അധ്വാനിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

2021-ൽ പുനർനിർമാണത്തിനുള്ള അനുമതി ലഭിച്ചെങ്കിലും കഴിഞ്ഞ വർഷമാണ് ഇത് ആരംഭിക്കാനായത്. ടി.വി.എസ്. ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ജോലികൾ നടക്കുന്നത്. പുതുക്കിയ ഗോപുരത്തിന്റെ സമർപ്പണം ജൂൺ മാസം ആദ്യം തന്നെ നടക്കാനിരിക്കുമ്പോഴാണ് ഈ വെല്ലുവിളി. മരത്തിന്റെ അപകടകരമായ ചില്ലകളെങ്കിലും ഒഴിവാക്കാൻ പലസ്ഥലത്തുനിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പക്ഷേ നടപടി ഇതുവരെ അധികൃതർ ആരംഭിച്ചിട്ടില്ല.