കൊച്ചി: പാതിവില തട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ട്രസ്റ്റി ബീന സെബാസ്റ്റ്യന്‍. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്തുകൃഷ്ണനും തമ്മില്‍ കരാറുകളുണ്ടായിരുന്നെന്നും പദ്ധതികള്‍ രൂപീകരിച്ചതും നടപ്പിലാക്കിയതും ഇരുവരും ചേര്‍ന്നാണെന്നും ബീന സെബാസ്റ്റ്യന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കണക്കുകള്‍ പല തവണ ചോദിച്ചിട്ടും ഇരുവരും ബോര്‍ഡിന് കൈമാറിയില്ല. ആനന്ദകുമാര്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷനില്‍നിന്ന് വാട്‌സാപ്പിലൂടെയാണ് രാജി വെച്ചതെന്നും ബീന വ്യക്തമാക്കി. അനന്തുവിനെ പരിചയപ്പെടുന്നത് ആനന്ദകുമാര്‍ വഴിയാണെന്നും ബീന പറയുന്നു. പദ്ധതിയുടെ നടത്തിപ്പ് ബള്‍ക്ക് പര്‍ച്ചേസിലെ ഡിസ്‌കൗണ്ട് വഴിയാണെന്നായിരുന്നു ഇരുവരും ബീന ഉള്‍പ്പെടെയുള്ള ട്രസ്റ്റികളോട് പറഞ്ഞിരുന്നത്.
'കമ്പനികളില്‍ നിന്ന് ബള്‍ക്ക് പര്‍ച്ചേസ് വരുമ്പോള്‍ ഒരു മാര്‍ജിന്‍ ഡിസ്‌കൗണ്ട് കിട്ടും. ഡീലര്‍മാര്‍ അവരുടെ കമ്മീഷന്റെ ഒരു ശതമാനം കുറച്ചിട്ടുണ്ടെന്നും അനന്തു പറഞ്ഞു. ബള്‍ക്ക് പര്‍ച്ചേസിന്റെ ഡിസ്‌കൗണ്ടും കമ്മീഷനിലെ ഇളവും കഴിഞ്ഞാലും പാതിവിലയ്ക്ക് സ്‌കൂട്ടര്‍ കൊടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇക്കാര്യം പലതവണ അനന്തുവിനോട് ചോദിച്ചതാണ്. ഈ സംശയത്തിന് അനന്തു ഒരിക്കലും മറുപടി തന്നിരുന്നില്ല.
സ്‌കൂട്ടര്‍ വിതരണം നിലച്ചപ്പോള്‍ അക്കാര്യവും അനന്തുവിനോട് ചോദിച്ചു. അക്കൗണ്ട് ഫ്രീസായിപ്പോയി എന്നായിരുന്നു മറുപടി. ഇത് ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലെന്നും എത്രയും വേഗം കൊടുത്തു തീര്‍ക്കണമെന്നും ഞങ്ങള്‍ അനന്തുവിനോട് പറഞ്ഞു. ആളുകള്‍ പരാതി ഉന്നയിച്ചപ്പോള്‍ ആനന്ദകുമാറിനെ വിവരം അറിയിച്ചു. തനിക്കറിയില്ലെന്നും അയാളൊന്നും തന്നില്ലെന്നുമുള്ള മട്ടിലാണ് ആനന്ദകുമാര്‍ മറുപടി പറഞ്ഞത്. എന്നാല്‍ ആ സമയത്തും അനന്തു പണപ്പിരിവ് തുടര്‍ന്നിരുന്നു. വിഷയം ഗുരുതരമാകുമെന്ന് കണ്ടതോടെ ആനന്ദകുമാര്‍ രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതില്‍ നിന്ന് മാറുകയാണെന്നും അറിയിച്ചു. പക്ഷേ ഞങ്ങള്‍ അത് അംഗീകരിച്ചിട്ടില്ല. സംശയം ഉയര്‍ന്നപ്പോള്‍ കണക്ക് പലപ്പോഴും ചോദിച്ചിരുന്നു. അതിനൊന്നും ഉത്തരമില്ലായിരുന്നു.'-ബീന വ്യക്തമാക്കുന്നു.
നിലവില്‍ പാതിവില തട്ടിപ്പ് കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവന്‍ ഗുണഭോക്താക്കളുടേയും മൊഴി രേഖപ്പെടുത്തും. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി.വൈ.എസ്.പിമാരുടെ നേതൃത്തിലുള്ള 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ആദ്യ 34 കേസുകളില്‍ ഏകദേശം 37 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
ഓരോ ദിവസവും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ചൊവ്വാഴ്ച്ച രാവിലെ വരെ 385 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനന്തുകൃഷ്ണനും ആനന്ദകുമാറുമാണ് പ്രധാന പ്രതികള്‍. ഓരോ ജില്ലയിലും പദ്ധതിക്ക് സഹായമൊരുക്കിയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പ്രതികളായേക്കും. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസുകളില്‍ ഏഴെണ്ണത്തില്‍ ആനന്ദകുമാറും പ്രതിയാണ്.
സ്‌കൂട്ടര്‍ വാഗ്ദ്ധാനം ചെയ്ത് വാങ്ങിയ പണം തിരിച്ചുനല്‍കണമെങ്കില്‍ ഇനി 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തണം. രണ്ട് കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വിതരണക്കമ്പനികളും പറയുന്നു. നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ പണം ചോദിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും രേഖകളും അനന്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതെല്ലാമുള്ള ഐ ക്ലൗഡിന്റെ പാസ്‌വേഡ് അനന്തു പോലീസിന് കൈമാറിയിട്ടുണ്ട്.
Content Highlights: ananthu krishnan scooter scheme scam
Published: 11 Feb 2025, 03:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented