ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിക്കു സമീപമുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്നുദിവസം പ്രായംതോന്നിക്കുന്ന ആൺകുട്ടിയെയാണ് ലഭിച്ചത്. കുട്ടിക്ക് ‘അച്യുത്’ എന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പേരുനൽകി. വി.എസ്. അച്യുതാനന്ദന്റെ സ്മരണാർഥമാണ് പേരു നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷമാണ് കുട്ടിയെ ലഭിച്ചത്. 2.500 ഗ്രാം തൂക്കമുള്ള കുട്ടിയെ ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവിലേക്കു മാറ്റി. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഈവർഷം ലഭിക്കുന്ന ആറാമത്തെ കുട്ടിയാണിത്. ഒക്ടോബർ ഒന്നിന് വീണ എന്ന പെൺകുഞ്ഞിനെയും ഇവിടെ ലഭിച്ചിരുന്നു.

ഇതുവരെ മൂന്ന് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയുമാണ് ലഭിച്ചത്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടെണമെന്ന് അരുൺ ഗോപി അറിയിച്ചു.