
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊന്നിൻകുടംവെച്ച് വണങ്ങി. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളം വഴി വൈകീട്ട് ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വരനെ വണങ്ങിയശേഷം ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥനെ തൊഴുത് തേങ്ങയുടച്ചു. ക്ഷേത്രത്തിലെ ആനയായ ഗണപതിയെയും കണ്ടു. കർണാടക മുൻ മുഖ്യമന്ത്രി യദ്യൂരപ്പ 20 വർഷം മുൻപാണ് ഗണപതിയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. ക്ഷേത്രനടയിൽ അടുത്തിടെ അനാവരണം ചെയ്ത ശിവന്റെ വെങ്കലശില്പത്തെയും അമിത് ഷാ തൊഴുത് വലംവെച്ചു.
ക്ഷേത്രം അഭിവൃദ്ധിപ്പെടുത്താൻ ദൈവത്തിന്റെ എല്ലാ സഹായങ്ങളുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സെക്രട്ടറി കെ. രഞ്ചിത്ത്, നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, അജി കരിയിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അമിത്ഷായെ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, എക്സിക്യുട്ടീവ് ഓഫീസർ ടി.എസ്. സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ട്രസ്റ്റി അംഗങ്ങളും ജീവനക്കാരും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ച് ഉപഹാരം നൽകി. 5.40-ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം 6.32 വരെ ക്ഷേത്രത്തിൽ ചെലവഴിച്ചു. കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് ടൗണിലും നൂറുകണക്കിന് ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് വരവേൽപ്പ് നൽകി. പുഷ്പവൃഷ്ടിയോടെയാണ് തളിപ്പറമ്പിൽ പ്രവർത്തകർ സ്വീകരിച്ചത്.
Content Highlights: amit shah visit rajarajeshwara temple kannur
Published: 13 Jul 2025, 07:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented