കൊച്ചി: ഏകീകൃതകുർബാന നടപ്പാക്കണമെന്ന് സീറോ മലബാർ അസംബ്ലി ശക്തമായി ആവശ്യപ്പെട്ടുവെന്ന രീതിയിൽ പുറത്തുവന്ന സീറോ മലബാർ സഭാ വക്താവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് അസംബ്ലിയിൽ പങ്കെടുത്ത എറണാകുളം അതിരൂപതാ പ്രതിനിധികൾ.
മൂന്നുദിവസമായി പാലയിൽ നടന്ന അസംബ്ലിയിൽ രണ്ടു മണിക്കൂർ നടത്തിയ സീറോ അവറിൽ മാത്രമാണ് കുർബാന വിഷയം പരാമർശിക്കപ്പെട്ടത്. അവിടെ ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചത് ഒരു പ്രതിനിധി മാത്രമാണ്. അതുപോലെതന്നെ എറണാകുളം അതിരൂപതാ വിശ്വാസികളുടെ നിലപാട് കൂടി കണക്കിലെടുത്ത് പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് മറ്റൊരു പ്രതിനിധിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുറത്തുവന്നിട്ടുള്ള പ്രസ്താവനയിൽ അത് പരാമർശിക്കപ്പെട്ടിട്ടില്ലെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു.
സീറോ അവറിൽ ആകെ 70 പ്രതിനിധികളാണ് സംസാരിച്ചത്. 70 പ്രതിനിധികളിൽ മൂന്ന് പേർ മാത്രമാണ് ഏകീകൃത കുർബാന വിഷയം പരാമർശിച്ചത്. ഒന്നര മിനിറ്റ് വീതം വെറും നാലര മിനിറ്റ് മാത്രമാണ് അവർ സംസാരിച്ചത്. എഴുപത് പേരിൽ മൂന്നുപേർ മാത്രം ആവശ്യപ്പെട്ട കാര്യം ഏകീകൃത കുർബാന നടപ്പാക്കണമെന്ന ശക്തമായ ആവശ്യമായി അവതരിപ്പിച്ചെന്നത് വസ്തുതാവിരുദ്ധമാണെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു.
അസംബ്ലിയിൽ അവതരിപ്പിച്ച ഫൈനൽ റിപ്പോർട്ടിൽ ഏകീകൃത കുർബാന എല്ലായിടത്തും അർപ്പിക്കുന്നതിന് അസംബ്ലി പിന്തുണക്കുന്നു എന്നാണ് വായിച്ചത്. എന്നാൽ, സഭാ വക്താവിന്റെ പ്രസ്താവന വന്നപ്പോൾ ഏകീകൃത കുർബാന എല്ലായിടത്തും നടത്തണമെന്ന് അസംബ്ലി ശക്തമായി ആവശ്യപ്പെട്ടു എന്നാക്കിയത് എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന സമവായവും സമാധാനവും മനഃപൂർവം അട്ടിമറിക്കാൻ സിനഡ് തന്നെ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് അല്മായ മുന്നേറ്റം അതിരൂപതാ എക്സിക്യൂട്ടീവ് ആരോപിച്ചു. അതിരൂപതയിൽ നിലനിൽക്കുന്ന സമവായം അട്ടിമറിക്കാൻ സിനഡ് ശ്രമിച്ചാൽ ശക്തമായ ജനമുന്നേറ്റം നേരിടേണ്ടിവരുമെന്നും അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.
എറണാകുളം അതിരൂപതയുടെ നിലപാട് പരിഗണിച്ചുകൊണ്ട് ഒന്നിച്ച് മുന്നോട്ട് പോകാൻ സീറോ മലബാർ സിനഡിന് താല്പര്യം ഇല്ലെങ്കിൽ എറണാകുളം അതിരൂപത മാർപ്പാപ്പയുടെ കീഴിൽ സ്വാതന്ത്ര്യമായി നിലകൊള്ളാൻ അനുവദിക്കണമെന്നും അല്മായ മുന്നേറ്റം അതിരൂപത കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെട്ടു.
അടിയന്തിരമായി കൂടിയ യോഗത്തിൽ കൺവീനർ ഷൈജു ആന്റണി, ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ബോബി ജോൺ, റിജു കാഞ്ഞൂക്കാരൻ, അഡ്വ. ബിനു ജോൺ, ജെമി ആഗസ്റ്റിൻ, തങ്കച്ചൻ പേരയിൽ, പ്രകാശ് പി ജോൺ, ജോജോ ഇലഞ്ചിക്കൽ എന്നിവർ പ്രസംഗിച്ചു.
Content Highlights: almaya munnettam on Syro Malabar Assembly Final Statement
Published: 26 Aug 2024, 05:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented