പത്തനംതിട്ട: ഉദ്യോഗാർഥികൾക്ക് തപാൽ വഴി അയയ്ക്കേണ്ട നിയമന ഉത്തരവ് ഇടത് യൂണിയൻ നേതാവ് നേരിട്ട് നൽകിയതായി ആക്ഷേപം. ഇതേ തുടർന്ന് ലിസ്റ്റിലുള്ള രണ്ടുപേർ മറ്റുള്ളവർക്ക് മുന്നേ ജോലിക്ക് കയറിയതായി പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിലിനെതിരേയാണ് എൻ. ജി.ഒ. സംഘ്, എൻ.ജി.ഒ. അസോസിയേഷനുകൾ ആരോപണം ഉന്നയിച്ചത്.നടപടി ആവശ്യപ്പെട്ട് ഇരു സംഘടനയുടെയും പ്രവർത്തകർ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരെ ഉപരോധിച്ചു.

To advertise here,

പി.എസ്.സി. ശുപാർശപ്രകാരം 25 പേർക്ക് റവന്യൂ വകുപ്പിൽ എൽ.ഡി.ക്ലാർക്ക് നിയമനം നൽകി ഈ മാസം 18-നാണ് കളക്ടർ ഉത്തരവിട്ടത്. ഒാഫീസിലെ സീക്രട്ട് സെക്ഷൻ വഴി രജിസ്ട്രേഡ് തപാലിൽ ഉദ്യോഗാർഥികളുടെ വിലാസത്തിലേക്കാണ് ഉത്തരവ് എത്തേണ്ടത്.

ചോർത്തിയെടുത്ത നിയമന ഉത്തരവ് രണ്ട് പേർക്ക് യൂണിയൻ നേതാവ് മണിക്കൂറുകൾക്കുള്ളിൽ നേരിട്ട് കൈമാറിയതോടെ ഇവർ അടൂരിലെ താലൂക്ക് ഒാഫീസിൽ ജോലിക്ക്‌ കയറിയെന്ന് നേതാക്കൾ പറഞ്ഞു. അന്വേഷിക്കാമെന്ന് കളക്ടർ നൽകിയ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. അതേസമയം, സ്ഥിരവിലാസത്തിൽനിന്നു മാറിയാണ് താമസിക്കുന്നതെന്ന് ഉദ്യോഗാർഥികൾ രേഖാമൂലം എഴുതിനൽകിയ സാഹചര്യത്തിലാണ് ഉത്തരവ് നേരിട്ട് കൈമാറിയതെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ പ്രതികരിച്ചു. വിഷയം വിവാദമാക്കിയതു പിന്നിൽ സംഘടനയിലെ തന്നെ ചിലർക്ക് പങ്കുള്ളതായാണ് നേതൃത്വം വിലയിരുത്തുന്നത്.

എൻ.ജി.ഒ. അസോസിയേഷൻ ഉപരോധത്തിൽ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെറ്റോ ചെയർമാൻ പി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ബിജു ശാമുവേൽ, തുളസീരാധ, തട്ടയിൽ ഹരികുമാർ, ഷെമിംഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ഡി. ഗീത, വിനോദ് മിത്രപുരം, പിക്കു വി.സൈമൺ എന്നിവർ പ്രസംഗിച്ചു. എൻ.ജി.ഒ. സംഘ് ഉപരോധം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ്, ജില്ലാ സെക്രട്ടറി ജി.അനീഷ്, ഖജാൻജി എം. രാജേഷ് എന്നിവർ നേതൃത്വംനൽകി.