
ആലപ്പുഴ: ജില്ലാക്കോടതിപ്പാലം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേക്കരയിലുള്ള മത്സ്യകന്യകയെ സുരക്ഷിത സ്ഥാനത്തേക്കു നീക്കുന്നത് പ്രതിസന്ധിയില്‍ തുടരുന്നു. 199293-ല്‍ ആലപ്പുഴ വികസന അതോറിറ്റി മുന്‍കൈയെടുത്ത് ശില്പി കണിയാപുരം വിജയകുമാര്‍ നിര്‍മിച്ച മത്സ്യകന്യകയാണിത്.
ഭാരമേറിയ ശില്പം പൊട്ടാതെ മറ്റൊരിടത്തേക്കു പൊക്കിമാറ്റാന്‍ സാധിക്കുമോയെന്നു ക്വട്ടേഷനെടുക്കാന്‍ മുന്‍പോട്ടുവന്ന കമ്പനിക്കും ഉറപ്പില്ല. ഇതോടെ കരാറുകാര്‍ക്കു ഭീമമായ തുക നല്‍കി പരീക്ഷണത്തിലേര്‍പ്പെടാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നതാണു പ്രതിസന്ധിക്കു കാരണം.
കോണ്‍ക്രീറ്റ് കട്ടയുണ്ടാക്കി അതിലാണ് 50 ടണ്‍ ഭാരമുള്ള മത്സ്യകന്യകയെ നിര്‍മിച്ചിരിക്കുന്നത്. ഖലാസികളെക്കൊണ്ടു പൊക്കിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റീലിന്റെ കൂടുണ്ടാക്കി ശില്പത്തെ അതിനുള്ളിലാക്കിയിട്ടുവേണം പൊക്കാനെന്നാണ് ക്വട്ടേഷന്‍ എടുക്കാനെത്തിയ കമ്പനി പറയുന്നത്. 50 ടണ്‍ പൊക്കാന്‍ 150 മുതല്‍ 200 ടണ്‍ ഭാരമുള്ള ക്രെയിന്‍ വേണം. ഇതിന് ചെലവു കൂടുതലാണ്. ഇതൊക്കെ ചെയ്താലും കേടുപാടുകള്‍ സംഭവിക്കാതെ ശില്പം പൊക്കാന്‍ സാധിക്കുമെന്നുറപ്പില്ല.
നിലവില്‍ പാലത്തിന്റെ പൈലിങ്ങാണു നടക്കുന്നത്. പൈല്‍ ക്യാപ് ചെയ്യുന്നത് ഉടനെ തുടങ്ങും. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോഴേക്ക് മത്സ്യകന്യകയെ നീക്കിയാല്‍ മതിയാകും. ശില്പം നില്‍ക്കുന്ന സ്ഥലത്ത് ഒരു പൈലിങ് പ്രവൃത്തിയാണ് അവശേഷിക്കുന്നത്. അതുകൊണ്ട് ശില്പം മാറ്റാന്‍ ഇനിയും സമയമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെഗാ ടൂറിസംപദ്ധതിയുടെ ഭാഗമായി നഗരത്തിലെ കനാല്‍ത്തീരങ്ങളില്‍ സ്ഥാപിച്ച 11 ശില്പങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്സ്യകന്യക. 2019-ല്‍ കനാല്‍ നവീകരണത്തിനിടെ ഒരു ശില്പം പാടേ തകര്‍ന്നുപോയിരുന്നു. അതിനാല്‍ മത്സ്യകന്യകയ്ക്കു കേടുപാടുകള്‍ സംഭവിക്കതെ പൊക്കിമാറ്റാനാണു ശ്രമിക്കുന്നത്.
Content Highlights: Relocating a 50-ton mermaid statue in Alappuzha during court bridge reconstruction
Published: 25 Apr 2025, 07:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented